കണ്ണൂർ: സി.പി.ഐ.എം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന്റെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടന്നുവരുന്ന കേസിൽ അപ്രതീക്ഷിത ചുവടുമാറ്റവുമായി കണ്ണൂർ സർവ്വകലാശാല. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആവശ്യമായ അർഹതയില്ലെന്ന സുപ്രധാന നിലപാടാണ് സർവ്വകലാശാല ഇനി പരമോന്നത കോടതിയിൽ വ്യക്തമാക്കുക. ഇതിന്റെ ഭാഗമായി സർവ്വകലാശാലയെ പ്രതിനിധീകരിച്ചിരുന്ന സ്റ്റാൻഡിങ് കോൺസൽ കെ.ആർ. സുഭാഷ് ചന്ദ്രനെ ചുമതലയിൽ നിന്നും ഒഴിവാക്കി.
ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സർവ്വകലാശാലയുടെ ഭാഗത്തുനിന്നും അപ്രതീക്ഷിതമായ ഈ മലക്കംമറിച്ചിൽ ഉണ്ടായിരിക്കുന്നത്. മുൻപ് പ്രിയ വർഗീസിന് അനുകൂലമായ നിലപാടായിരുന്നു സർവ്വകലാശാല സ്വീകരിച്ചിരുന്നതെങ്കിൽ, നാളത്തെ വാദത്തിനിടെ അവർക്ക് തസ്തികയിലേക്ക് യോഗ്യതയില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് പുതിയ തീരുമാനം.
പ്രിയ വർഗീസിന്റെ നിയമന നടപടികൾ പൂർണ്ണമായും നിയമവിധേയമായിരുന്നുവെന്നായിരുന്നു സർവ്വകലാശാല മുൻപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഈ കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനെ മാറ്റിയാണ് സർവ്വകലാശാല പുതിയ നിയമനടപടിക്ക് തുടക്കമിട്ടത്. പകരം പി.എസ്. സുൾഫിക്കർ അലിയെയാണ് പുതിയ വക്കീലായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന് സർവ്വകലാശാലയുടെ ഈ നിർണ്ണായക നീക്കം സുപ്രീം കോടതിയിൽ വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത.





