കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരിടേണ്ടിവന്ന റാഗിംഗിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് കുട്ടികളെ ക്ലാസുകളിലേക്ക് അയക്കാതെ രക്ഷിതാക്കൾ പ്രതിഷേധിച്ചു. റാഗിംഗിനിരയായ ഒമ്പതാം ക്ലാസുകാരിക്ക് നീതി ഉറപ്പാക്കണമെന്ന നിലപാടിൽ മേപ്പള്ളി പ്രദേശത്തെ എൺപതോളം വിദ്യാർത്ഥികളെയാണ് രക്ഷിതാക്കൾ സ്കൂളിലേക്ക് വിടാതിരുന്നത്. കുട്ടികളെ കയറ്റാനെത്തിയ സ്കൂൾ ബസിന്റെ ഡ്രൈവർക്ക് തങ്ങളുടെ പ്രതിഷേധ കാരണം രേഖപ്പെടുത്തി ഒപ്പിട്ട കത്ത് നൽകിയാണ് ഇവർ വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്.
പ്രശ്നത്തിൽ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും കൂട്ടായ എതിർപ്പിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇവർ വ്യക്തമാക്കി. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെയുള്ള അച്ചടക്കനടപടി വെറും സസ്പെൻഷനിൽ ഒതുക്കാതെ, അവർക്ക് ടിസി നൽകി സ്കൂളിൽ നിന്ന് പറഞ്ഞുവിടണമെന്നാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം. മുൻപും ഇവിടെ കോമ്പസ് ഉപയോഗിച്ച് കുത്തിയെന്ന ഗുരുതര പരാതി ഉയർന്നിരുന്നതായും അത് ഒത്തുതീർപ്പാക്കുകയാണുണ്ടായതെന്നും അവർ ആരോപിച്ചു. സ്കൂൾ മാനേജ്‌മെന്റ്, പിടിഎ, അധ്യാപകർ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചകൾ അന്വേഷിച്ച് വ്യക്തത വരുത്താനാണ് കുട്ടികളെ വിട്ടുനിർത്തി പ്രതിഷേധിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.
സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട വസ്ത്രധാരണ രീതികളെച്ചൊല്ലി ഉടലെടുത്ത തർക്കം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറഞ്ഞതാണ് റാഗിംഗിലേക്കും തുടർസംഭവങ്ങളിലേക്കും നയിച്ചത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പത്താം ക്ലാസുകാരി ശുചിമുറിയിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് ഉയർന്ന പരാതി. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർത്ഥിനികളെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.





