തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ എം.എൽ.എ രമ്യ ഹരിദാസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലം രംഗത്ത്. രമ്യ ഹരിദാസ് നടത്തുന്നത് വെറും നാടകമാണെന്നും തന്റെ കൈയാണ് അവർ പിടിച്ചുതിരിച്ചതെന്നും സജിത്ത് ആരോപിച്ചു. തന്റെ കൈ തിരിച്ചുപിടിച്ച ശേഷം വിടടാ എന്ന് എം.എൽ.എ അലറിവിളിക്കുകയായിരുന്നു. എം.എൽ.എയും ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപും അസമയത്ത് സജാദിന്റെ വസതിയിലേക്ക് പോകേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി എന്ന നിലയിൽ സജാദ് ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ അവിടെയെത്തിയത്. എം.എൽ.എ ഇത്രയധികം അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം പാളയം പ്രദീപ് മണ്ഡലത്തിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും പാലക്കാട് സ്വദേശിയായ ഇയാൾ മണ്ഡലത്തിലെ വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുന്നതാണ് സംഘർഷങ്ങൾക്ക് കാരണമെന്നും സജിത്ത് മുട്ടപ്പാലം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി എം.എൽ.എ രമ്യ ഹരിദാസും മാധ്യമങ്ങളെ കണ്ടിരുന്നു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് രമ്യ പറഞ്ഞു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് ചേരികളായി തിരിഞ്ഞ് മത്സരിക്കുകയാണുണ്ടായത്. വിഷയത്തിൽ താൻ കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നുവെന്നും രണ്ട് വിഭാഗത്തോടും താൻ യോജിച്ചുപോയിരുന്നില്ലെന്നും എം.എൽ.എ വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി നേതൃത്വം കൃത്യമായ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ, ചിറയിൻകീഴിലെ കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ അന്വേഷണം നടത്താൻ കെ.പി.സി.സി തീരുമാനിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ രമ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. ഇരുവിഭാഗത്തിന്റെയും പരാതികൾ കേൾക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. പരസ്യമായ തമ്മിലടി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് വിവാദങ്ങളുടെ തുടക്കം. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ, യോഗവുമായി യാതൊരു ബന്ധവുമില്ലാത്ത രമ്യ ഹരിദാസിന്റെ വിശ്വസ്തൻ പാളയം പ്രദീപ് പങ്കെടുത്തിരുന്നു. ഇതിനെ ജനപ്രതിനിധികൾ എതിർക്കുകയും കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്കിലൂടെ വിമർശിക്കുകയും ചെയ്തു. ഇക്കാര്യം സംസാരിക്കുന്നതിനായി എം.എൽ.എയും പാളയം പ്രദീപും രാത്രി ജനറൽ സെക്രട്ടറിയുടെ വീട്ടിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് സംഘർഷമുണ്ടാവുകയുമായിരുന്നു. ഇതിനുപിന്നാലെ രമ്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രാദേശിക നേതാക്കൾ തന്നെ അക്രമിച്ചതായി രമ്യ ഹരിദാസ് ആരോപിച്ചപ്പോൾ, രമ്യയാണ് തന്നെ മർദ്ദിച്ചതെന്ന് പഞ്ചായത്തംഗവും പ്രതികരിച്ചിരുന്നു.





