കൊച്ചി: വിവാഹത്തിന് എച്ച്.ഐ.വി പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധിത വ്യവസ്ഥയാക്കണമെന്ന് വാദിച്ച് 'ദീപിക' ദിനപത്രത്തിന്റെ മുഖപ്രസംഗം. വിവാഹത്തിന് മുൻപായി എച്ച്.ഐ.വി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അനുശാസിച്ചാൽ അതിൽ എന്ത് തെറ്റാണുള്ളതെന്ന് മുഖപ്രസംഗം ചോദിക്കുന്നു. മാർത്തോമ്മാ സഭ വൈദിക ട്രസ്റ്റിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ വിഷയത്തിൽ മുഖപ്രസംഗം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
വിവാഹത്തിന് മുൻപ് ഇരുവരെയും എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാക്കണമെന്നായിരുന്നു റവ. ഡോ. കെ. തോമസ് ആവശ്യപ്പെട്ടത്. എന്നാൽ വ്യക്തമായ നിലപാട് തുറന്നുപറയുന്നവരെ കൂട്ടത്തോടെ കടന്നാക്രമിക്കുന്ന പ്രവണതയാണുള്ളതെന്നും, സ്ത്രീകളെ അടുക്കളയിൽ തളച്ചിടണമെന്ന് വാദിക്കുന്ന യാഥാസ്ഥിതികരെ വെള്ളപൂശാൻ വേണ്ടി എയ്ഡ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നവരെ അവരുമായി തുലനം ചെയ്ത് മുഖപ്രസംഗം രചിക്കാൻ പോലും ചിലർ മടികാണിക്കുന്നില്ലെന്നും ദീപിക കുറ്റപ്പെടുത്തുന്നു.
'എയ്ഡ്സ് ബാധിതരുടെ വ്യക്തിപരമായ സ്വകാര്യത തീർച്ചയായും മാനിക്കപ്പെടേണ്ടതുണ്ട്. എന്നാൽ രോഗവിവരം മറച്ചുവെച്ച് വിവാഹം കഴിച്ച് പങ്കാളിയെയും പിറക്കുന്ന കുഞ്ഞുങ്ങളെയും മാരകരോഗികളാക്കി മാറ്റുന്നത് സ്വകാര്യതയല്ല, മറിച്ച് കടുത്ത വഞ്ചനയാണ്. സ്വകാര്യതയെന്നത് ഒരു വ്യക്തിയിൽ ഒതുങ്ങുന്നതാണ്; പക്ഷേ കുടുംബജീവിതം എന്നത് തുല്യ മനുഷ്യാവകാശങ്ങളുള്ള മറ്റൊരു വ്യക്തിയുടേതുകൂടിയാണ്. ഒരാളെ ചതിയിൽപ്പെടുത്തി അവരുടെ ജീവിതം തന്നെ തകർക്കുന്ന ഒന്നാണ് സ്വകാര്യതയെങ്കിൽ അതിനേക്കാൾ വലിയ കാപട്യം വേറെയില്ല. എയ്ഡ്സ് രോഗിയുടെ സ്വകാര്യതയ്ക്ക് കാവലിരുന്ന് വിവാഹവും ദാമ്പത്യവും നൽകാൻ സ്വകാര്യതാവാദികളുടെ സ്വന്തം കുടുംബങ്ങൾ മുന്നോട്ടുവരട്ടെ; മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനായി എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന്റെ അനിവാര്യ നിബന്ധനയാക്കണം' - മുഖപ്രസംഗത്തിൽ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു.
നേരത്തെ ഒരു മാർത്തോമ്മാ സഭ കുടുംബസംഗമത്തിൽ സംസാരിക്കവെയായിരുന്നു ഡോ. കെ. തോമസ് ഈ വിവാദ പരാമർശം നടത്തിയത്. സഭയിലെ വിവാഹങ്ങൾ നിർബന്ധമായും എച്ച്.ഐ.വി പരിശോധന നടത്തിയ ശേഷം മാത്രമേ നടത്താവൂ എന്ന് അദ്ദേഹം മാതാപിതാക്കളോട് നിർദ്ദേശിക്കുകയായിരുന്നു. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി പരിശോധന നടത്താനുള്ള നീക്കം പരാമർശിച്ച വൈദികൻ, സ്വന്തം പെൺമക്കൾ ആരും ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾക്ക് സാധിക്കണമെന്നും കൂട്ടിച്ചേർത്തു. എന്നാൽ, വൈദികന്റെ ഈ പ്രതികരണം സഭയിലെ യുവതലമുറയെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നത്.





