തിരുവനന്തപുരം: കണ്ണൂരിൽ വെച്ച് മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ ആക്രമണം നടത്തിയെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) ചുമതലപ്പെടുത്തി ഔദ്യോഗിക ഉത്തരവിറങ്ങി. കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ, കണ്ണൂർ എ.സി.പി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുൾപ്പെടെ ആകെ എട്ട് ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. റെയിൽവേ ഇൻസ്പെക്ടർ ജി.എസ്. സജിക്കാണ് കേസിന്റെ മുഖ്യ അന്വേഷണ ചുമതല. മൂന്ന് എസ്.ഐമാരും രണ്ട് എ.എസ്.ഐമാരും പ്രത്യേക സംഘത്തിന്റെ ഭാഗമാണ്. അന്വേഷണ സംഘം ഉടൻ തന്നെ യോഗം ചേർന്ന് തുടർനടപടികൾ വിലയിരുത്തും.
കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് വലിയ രാഷ്ട്രീയ വാക്പോരുകൾക്കും വിവാദങ്ങൾക്കും വഴിവെച്ച സംഭവത്തിലാണ് ഇപ്പോൾ പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവായിരിക്കുന്നത്. പുതിയ അന്വേഷണ സംഘം മുൻ മന്ത്രിയുടെയും അവരുടെ ഗൺമാന്റെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തും. കെ.എസ്.യു പ്രവർത്തകർക്ക് മേൽ വധശ്രമക്കുറ്റം ചുമത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംഘടനയുടെ ആരോപണവും സംഘം വിശദമായി പരിശോധിക്കും.
വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ സമർപ്പിച്ച പരാതി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവം പൂർണ്ണമായും കെട്ടിച്ചമച്ച ഒന്നാണെന്നായിരുന്നു എം.എൽ.എയുടെ പ്രധാന ആരോപണം.
കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് ഈ വർഷം ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ പ്രതിഷേധം നടത്തിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർത്ത് പോലീസ് കേസെടുത്തിരുന്നു. പ്രാരംഭത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നുവെങ്കിലും പിന്നീട് ഇവ ഒഴിവാക്കുകയാണുണ്ടായത്. മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം കാട്ടിയെന്നായിരുന്നു ആദ്യഘട്ടത്തിൽ നൽകിയ മൊഴിയെങ്കിലും, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.





