കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ചികിത്സാ വീഴ്ച ആരോപിച്ച് കുടുംബം രംഗത്ത്. ഇവിടെ ജനിച്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിനുള്ളിൽ തറഞ്ഞിരുന്ന നിലയിൽ സൂചി കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശിനിയായ അഞ്ചുവിന്റെ കുഞ്ഞിന്റെ ശരീരത്തിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചുനടത്തിയ വിശദമായ പരിശോധനയിൽ സൂചി കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലെ അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു.
ജനിച്ച സമയത്തുതന്നെ ഈ ശാരീരിക അസ്വാഭാവികത ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്ന മറുപടിയാണ് അന്ന് ഡോക്ടർമാർ നൽകിയതെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി കുട്ടി കഠിനമായ വേദനയും ശരീരത്തിൽ മുഴച്ചുനിൽക്കുന്ന വീക്കവും അനുഭവിച്ചു വരികയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു പ്രസവം നടന്നത്. ജനനശേഷം പനിയും മഞ്ഞപ്പിത്തവും ബാധിച്ചതിനെ തുടർന്ന് കുട്ടിയെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ശരീരഭാഗത്ത് അസാധാരണമായ തടിപ്പ് ഉണ്ടായത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഈ തടിപ്പിനെക്കുറിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ധരിപ്പിച്ചുവെങ്കിലും സ്കാനിങ് നടത്തിയ ശേഷം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് മടക്കുകയാണുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വീക്കം ഉണ്ടായ ഭാഗത്ത് യഥാർത്ഥത്തിൽ സ്കാനിങ് നടത്തിയിരുന്നില്ലെന്ന് പിന്നീടാണ് വ്യക്തമായതെന്നും ഇവർ ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ ഈ തടിപ്പ് കൂടുതൽ വർദ്ധിച്ചതോടെയാണ് കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഉള്ളിൽ കുടുങ്ങിക്കിടന്നിരുന്ന സൂചി നീക്കം ചെയ്തത്. സൂചി പുറത്തെടുത്തതോടെ കുടുംബം ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്. ചികിത്സയ്ക്കിടെ ഏത് ഘട്ടത്തിലാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്നും, പിന്നീട് നടത്തിയ പരിശോധനകളിൽ ഇത് കണ്ടെത്താൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും വിശദമായി പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.





