തൃശ്ശൂർ: കുന്നംകുളത്ത് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിന് ഇരയായ വി.എസ്. സുജിത് സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി രംഗത്ത്. സംഭവം നടന്ന് ഒരു വർഷം പൂർത്തിയായിട്ടും കുറ്റക്കാരായ പോലീസുകാർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്ന കത്തിലൂടെ സുജിത് ചൂണ്ടിക്കാട്ടുന്നു. അന്ന് സഹായവാഗ്ദാനവുമായി എത്തിയവരാരും പിന്നീട് മർദ്ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല. പിന്തുണ പ്രഖ്യാപിച്ച പ്രമുഖരിൽ ഒരാൾ മുഖ്യമന്ത്രിയും മറ്റൊരാൾ ആഭ്യന്തര മന്ത്രിയുമാണ്. ഒപ്പം നിൽക്കുമെന്ന് ഉറപ്പുനൽകിയ നേതാക്കൾ ഇപ്പോൾ എവിടെയാണെന്നും, വെറും വാഗ്ദാനങ്ങളല്ല കുറ്റക്കാർക്കെതിരെയുള്ള കൃത്യമായ നടപടിയാണ് വേണ്ടതെന്നും സുജിത് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
2023 ഏപ്രിൽ അഞ്ചിനായിരുന്നു യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ വി.എസ്. സുജിത്തിന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസുകാരുടെ ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്. സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ഏകദേശം പതിനഞ്ച് മിനിറ്റോളം ലാത്തി ഉപയോഗിച്ച് പോലീസുകാർ കാലിൽ തുടർച്ചയായി തല്ലിയെന്നും ദാഹജലം ചോദിച്ചിട്ട് പോലും നൽകിയില്ലെന്നും സുജിത് വെളിപ്പെടുത്തിയിരുന്നു. റോഡരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് വിരട്ടിയത് ചോദ്യം ചെയ്തതായിരുന്നു ക്രൂരതയ്ക്ക് വഴിവെച്ചത്. ഇടപെടാൻ നീ ആരാണെന്ന് ആക്രോശിച്ച് കുപ്പായത്തിന്റെ കോളറിൽ പിടിച്ചുവലിച്ച് ജീപ്പിൽ കയറ്റുകയും തുടർന്ന് ലോക്കപ്പിലിട്ട് മർദ്ദിക്കുകയുമായിരുന്നുവെന്ന് സുജിത് വ്യക്തമാക്കിയിരുന്നു.
സുജിത് മദ്യപിച്ച് സംഘർഷമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് കള്ളക്കേസ് ഉണ്ടാക്കി ജയിലിലടയ്ക്കാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാൽ മെഡിക്കൽ പരിശോധനയിൽ സുജിത് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയാണുണ്ടായത്. തുടർന്ന് കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനകളിൽ പോലീസിന്റെ ക്രൂരമർദ്ദനത്തിൽ സുജിത്തിന്റെ ചെവിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചതായി തെളിഞ്ഞു. ഇതിന് പിന്നാലെ ഉയർന്ന പോലീസ് അധികാരികൾക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാനോ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനോ കൂട്ടാക്കിയില്ല. ഇതോടെ നീതിതേടി സുജിത് കോടതിയെ സമീപിക്കുകയായിരുന്നു. ഹാജരാക്കിയ തെളിവുകൾ വിശദമായി പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സംഭവത്തിൽ പോലീസുകാർക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.





