Malayali Media
Kerala

ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം

03 Sept 20261 views 3 min read
ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം
Advertisement

കൊച്ചി: ശബരിമലയിലെ സ്വർണ്ണ അപഹരണക്കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കോടതി ജാമ്യം അനുവദിച്ചു. പ്രശാന്തിന്റെ മോശം ശാരീരികാവസ്ഥ കണക്കിലെടുത്താണ് കൊല്ലം വിജിലൻസ് കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്.

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ പ്രശാന്തിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂലൈ 23-നായിരുന്നു ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2025-ൽ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണ്ണം പൂശുന്നതിനായി കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഈ അറസ്റ്റ്. 2019-ൽ അരങ്ങേറിയ സ്വർണ്ണ മോഷണം മറച്ചുപിടിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് 2025-ൽ ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലേക്ക് മാറ്റിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ നീക്കത്തിന് ആവശ്യമായ ഔദ്യോഗിക ഭരണാനുമതികൾ തരപ്പെടുത്തുന്നതിലും ഫയൽ നീക്കങ്ങളിലും അന്നത്തെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കിയിരുന്നു.

ഈ കേസിൽ മുൻപ് അറസ്റ്റിലായ അജികുമാറിന് നേരത്തെതന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വർണ്ണത്തട്ടിപ്പ് കേസിന് പുറമെ ശബരിമലയിലെ നെയ്യ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലും പി.എസ്. പ്രശാന്തും അജികുമാറും പ്രതിപ്പട്ടികയിലുണ്ട്. മിൽമയിൽ നിന്നും നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ വലിയ തോതിലുള്ള തിരിമറികൾ നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. മിൽമയ്ക്ക് കരാർ ഉറപ്പാക്കുന്നതിനായി പ്രശാന്തിന്റെ ഭാഗത്തുനിന്ന് ചട്ടവിരുദ്ധമായ ഇടപെടലുകൾ ഉണ്ടായെന്ന് വ്യക്തമായതോടെയാണ് ഇരുവരെയും പ്രതികളാക്കി കേസെടുത്തത്.

Tags:#sabarimala gold theft#ps prasanth
Advertisement

Comments

Add a Comment

Our Channels

ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം | Malayali Media