പാലക്കാട്: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാർ നടത്തിവന്ന സമരം ഒത്തുതീർപ്പിലെത്തി. സമരസമിതി പ്രതിനിധികളും മെഡിക്കൽ കോളേജ് ഡയറക്ടറും തമ്മിൽ നടത്തിയ സമവായ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. അത്യാഹിത വിഭാഗത്തിലേക്ക് ആവശ്യമായ മുഴുവൻ മരുന്നുകളും ലഭ്യമാക്കുമെന്നും പ്രവർത്തനരഹിതമായ എക്സ്-റേ മെഷീന്റെ തകരാറുകൾ അടിയന്തരമായി പരിഹരിക്കുമെന്നും ഡയറക്ടർ ഉറപ്പുനൽകി. കൂടാതെ, ചുമതലകളിൽ ഗുരുതര വീഴ്ച വരുത്തിയ ജീവനക്കാരെ പിരിച്ചുവിട്ടതായും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സെപ്റ്റംബർ ഒന്നു മുതലാണ് ഡ്യൂട്ടി ഡോക്ടർമാർ ജോലിയിൽ നിന്ന് വിട്ടുനിന്ന് സമരം ആരംഭിച്ചത്. മെഡിക്കൽ കോളേജ് പരിസരത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഡോക്ടർമാർക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും സാധിക്കാതെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വന്നതാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. രണ്ട് വനിതാ ഡോക്ടർമാർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു ഡോക്ടർ ഓടിച്ച ജീപ്പ് ഇടിച്ചായിരുന്നു അപകടം. ചികിത്സാ സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് അവിടുന്ന് ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റേണ്ടി വന്നിരുന്നു. ഈ സംഭവത്തോടെയാണ് നിലവിലുള്ള അപര്യാപ്തതകൾ അക്കമിട്ടുനിരത്തിക്കൊണ്ട് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്.
എക്സ്-റേ, സി.ടി സ്കാൻ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലെന്നും, ചികിത്സ തേടിയെത്തുന്ന രോഗികൾക്കാവശ്യമായ ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലും ഇവിടെയില്ലെന്നുമായിരുന്നു ഡോക്ടർമാരുടെ പ്രധാന പരാതി. അപകടങ്ങളിൽ പരിക്കേറ്റ് എത്തുന്ന രോഗികൾക്ക് ഒരു എക്സ്-റേയോ സി.ടിയോ എടുക്കണമെങ്കിൽ പോലും ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയക്കേണ്ട അവസ്ഥയാണെന്ന് അവർ ചൂണ്ടിക്കാട്ടി. അതിനിടെ, സമരവേദിയിലേക്ക് സംസാരിക്കാനെത്തിയ വി.കെ. ശ്രീകണ്ഠൻ എം.പി തങ്ങളെ അപമാനിച്ചതായി ആരോപിച്ച് ഹൗസ് സർജന്മാർ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ എം.പി ദേഷ്യത്തോടെയാണ് പ്രതികരിച്ചതെന്നായിരുന്നു അവരുടെ ആക്ഷേപം.





