തിരുവനന്തപുരം:അഴിമതിക്കേസിൽ നടപടി നേരിട്ട് സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. നിരപരാധികളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും, പണം നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതും ഇയാളുടെ പതിവുരീതിയായിരുന്നുവെന്നാണ് പരാതി.
മറ്റു പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ സ്വന്തം അധികാരപരിധിയിലുള്ള റേഞ്ചിലേക്ക് വരുത്തിച്ച് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്ന പ്രവണതയും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഈ കേസുകൾ ഒത്തുതീർപ്പാക്കുന്നതിനായി വൻതുക കൈക്കൂലി ആവശ്യപ്പെടും. ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതികളിൽ ചൂണ്ടിക്കാട്ടുന്നു. വകുപ്പിലെ സഹപ്രവർത്തകരായ ഉദ്യോഗസ്ഥരും ഇയാൾക്കെതിരെ സമാന ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കുറഞ്ഞ അളവിൽ ലഹരിവസ്തുക്കൾ പിടികൂടുമ്പോൾ കേസെടുക്കുകയും, എന്നാൽ വൻതോതിൽ ലഹരി പിടിച്ചെടുത്താൽ കേസ് രജിസ്റ്റർ ചെയ്യാതെ വൻതുക കൈക്കൂലി വാങ്ങുകയുമായിരുന്നു രീതി. അഴിമതിക്ക് വഴങ്ങാത്ത കീഴുദ്യോഗസ്ഥരെ ഇയാൾ നിരന്തരം വേട്ടയാടിയിരുന്നുവെന്നും വിവരമുണ്ട്. കൂടാതെ, ഹരിപ്പാട് വെച്ച് കൈക്കൂലി കൈപ്പറ്റി രണ്ട് ഔദ്യോഗിക ഫയലുകൾ ഇയാൾ മുക്കിയതായും കണ്ടെത്തിയിരുന്നു.
നേരത്തെ 2016-ൽ തിരുവല്ലയിൽ വെച്ച് 2.62 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജില്ലയിലെ ബാറുകളിൽ മിന്നൽ പരിശോധന നടത്താൻ എക്സൈസ് കമ്മീഷണർ എത്തിയ വേളയിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ബാറുകളിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർക്ക് വേണ്ടി കൃത്യമായി മാസപ്പടി പിരിച്ചു നൽകാൻ ഒരു ബാർ മാനേജരെ ചുമതലപ്പെടുത്തിയിരുന്നതായും വ്യക്തമായി.
പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ബാർ മാനേജരെ ചോദ്യം ചെയ്തുകൊണ്ടിരിക്കെ ഇയാളുടെ മൊബൈലിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺകോൾ എത്തി. എക്സൈസ് കമ്മീഷണർ ജില്ലയിലുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ച ഈ സംഭാഷണം കമ്മീഷണർ നേരിട്ട് റെക്കോർഡ് ചെയ്യുകയായിരുന്നു. തുടർന്ന് ബാർ മാനേജരുടെ മൊഴിയുടെയും ഈ തെളിവുകളുടെയും അടിസ്ഥാനത്തിൽ അശോക് കുമാറിന്റെ വസതിയിൽ പരിശോധന നടത്തുകയും ചെയ്തു.





