Malayali Media
Kerala

ഇസ്ലാമിക കാഴ്ചപ്പാടിൽ സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്'; കാന്തപുരത്തിന്റെ നിലപാടിനെ തള്ളി മുജാഹിദ് പ്രസ്ഥാനങ്ങൾ

Admin User01 Sept 202631 views 3 min read
ഇസ്ലാമിക കാഴ്ചപ്പാടിൽ സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്'; കാന്തപുരത്തിന്റെ നിലപാടിനെ തള്ളി മുജാഹിദ് പ്രസ്ഥാനങ്ങൾ
Advertisement

കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരിൽ സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ ശക്തമായ വിയോജിപ്പുമായി മുജാഹിദ് സംഘടനകൾ രംഗത്ത്. കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനിയും, കെ.എൻ.എമ്മിന്റെ യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹിയുമാണ് കാന്തപുരത്തിന്റെ വാദങ്ങളെ തള്ളി നിലപാട് വ്യക്തമാക്കിയത്. ഇസ്ലാം മതം സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും അനുവദിച്ചു നൽകുന്നുണ്ടെന്ന് റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെ ടി.പി. അബ്ദുള്ളക്കോയ മദനി വ്യക്തമാക്കി. പ്രവാചകന്റെ കാലത്ത് സ്ത്രീകൾ യുദ്ധമുഖങ്ങളിൽ വരെ പങ്കാളികളായിട്ടുണ്ടെന്നും, അനാവശ്യമായ സർക്കുലറിലൂടെ സമൂഹത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിന് യാതൊരുവിധ വിലക്കുകളുമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിലും ഭരണകാര്യങ്ങളിലുമെല്ലാം പങ്കെടുത്ത ചരിത്രമാണ് സ്ത്രീകൾക്കുള്ളത്; അവിടെയൊന്നും വിവേചനമുണ്ടായിരുന്നില്ല. സ്ത്രീസമൂഹത്തെ പൊതുഇടങ്ങളിൽ നിന്ന് മാറ്റിനിർത്തുന്ന യാഥാസ്ഥിതിക ചിന്താഗതികൾ അംഗീകരിക്കാനാകില്ലെന്നും, കാലാനുസൃതമായ ബോധവൽക്കരണത്തിലൂടെ മതനിയമങ്ങളെ സമീപിക്കുന്ന പ്രസ്ഥാനമാണ് മുജാഹിദ് സംഘടനയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് അക്ഷരജ്ഞാനം പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് മാറ്റങ്ങൾ വന്നിട്ടുണ്ട്. നബിദിനാഘോഷങ്ങളിൽ സ്ത്രീകൾ പങ്കാളികളായിട്ടുണ്ടെന്നും, പരിപാടികളിൽ നിന്ന് അവർ വിട്ടുനിൽക്കണമെന്ന് എവിടെയും അനുശാസിക്കുന്നില്ലെന്നും അബ്ദുള്ളക്കോയ മദനി വ്യക്തമാക്കി.

സ്ത്രീകളുടെ പൊതുജീവിതത്തെ തടസ്സപ്പെടുത്തരുതെന്നായിരുന്നു ഷുക്കൂർ സ്വലാഹിയുടെ പ്രതികരണം. സംരക്ഷണം എന്ന വ്യാജേന സ്ത്രീകളുടെ പഠനം, ജോലി, സാമൂഹിക പ്രവർത്തനം, സഞ്ചാരസ്വാതന്ത്ര്യം എന്നിവയെ പരിമിതപ്പെടുത്തുന്നത് പുരുഷാധിപത്യപരമായ നിയന്ത്രണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ ഭീഷണിയുണ്ടെന്ന പേരിൽ സ്ത്രീയെ വീടുകളിൽ തളച്ചിടുകയല്ല, മറിച്ച് അപകടകരമായ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യമായി ഇടപെടാൻ കഴിയുന്ന ഇടമാണ് പുരോഗമന സമൂഹത്തിന്റെ പൊതുമണ്ഡലം. സ്ത്രീയുടെ സ്വാഭാവിക ഇടം നാലുചുവരുകൾക്കുള്ളിലാണെന്ന കാന്തപുരത്തിന്റെ നിലപാട് അവരുടെ അവകാശങ്ങളെയും കഴിവിനെയും പിന്നോട്ടടിക്കുന്നതാണ്. ഇത്തരം പിന്തിരിപ്പൻ വാദങ്ങൾക്കുള്ള വ്യക്തമായ മറുപടി ഇസ്ലാമിക ചരിത്രത്തിൽ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീയുടെ വിജ്ഞാനത്തിനും പ്രാപ്തിക്കും സാമൂഹിക പങ്കാളിത്തത്തിനും വലിയ പ്രാധാന്യം നൽകിയ ചരിത്രമാണ് ഇസ്ലാമിന്റേത്. സ്ത്രീകളെ പൊതുരംഗത്തുനിന്നും മാറ്റിനിർത്താൻ മതത്തെ മറയാക്കുന്നത് ചരിത്രത്തോടും മതത്തോടുമുള്ള അനീതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്ന മുൻകാല സാഹചര്യങ്ങളെ അതിജീവിച്ചാണ് കേരളത്തിലെ മുസ്ലിം വനിതകൾ വലിയ മുന്നേറ്റം കൈവരിച്ചത്. അവർക്ക് സ്കൂൾ-മത വിദ്യാഭ്യാസവും ഉന്നതപഠനവും ഉറപ്പാക്കുന്നതിൽ ഇസ്ലാഹി പ്രസ്ഥാനം ഉൾപ്പെടെയുള്ള പരിഷ്കരണ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. ആ മുന്നേറ്റങ്ങളെ വീണ്ടും പഴയ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനുള്ള നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്നും, സമസ്ത പോലുള്ള പാരമ്പര്യ മതസംഘടനകളുടെ സ്ത്രീവിരുദ്ധ നിലപാടുകൾ ഗൗരവമായി വിചാരണ ചെയ്യപ്പെടണമെന്നും സ്വലാഹി വ്യക്തമാക്കി.

Advertisement

Related News

തെരഞ്ഞെടുപ്പ് പരാജയത്തിലെ പിണറായി വിജയന്റെ വിശദീകരണങ്ങളിൽ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; സി.സി റിപ്പോർട്ടിന് വിരുദ്ധമെന്ന് വിലയിരുത്തൽ

തെരഞ്ഞെടുപ്പ് പരാജയത്തിലെ പിണറായി വിജയന്റെ വിശദീകരണങ്ങളിൽ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി; സി.സി റിപ്പോർട്ടിന് വിരുദ്ധമെന്ന് വിലയിരുത്തൽ

നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദം: അന്ത്യം ഹൃദയാഘാതം മൂലം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പോലീസ് കേസ് അവസാനിപ്പിച്ചു

നെയ്യാറ്റിൻകര ഗോപന്റെ സമാധി വിവാദം: അന്ത്യം ഹൃദയാഘാതം മൂലം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പോലീസ് കേസ് അവസാനിപ്പിച്ചു

എക്സൈസ് മാസപ്പടി വിവാദം: ഇതര പരിധികളിലെ കേസുകൾ സ്വന്തം റേഞ്ചിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യും; അശോക് കുമാറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ

എക്സൈസ് മാസപ്പടി വിവാദം: ഇതര പരിധികളിലെ കേസുകൾ സ്വന്തം റേഞ്ചിലേക്ക് മാറ്റി രജിസ്റ്റർ ചെയ്യും; അശോക് കുമാറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ

സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു; മൂവായിരത്തിലേറെ ഗാനങ്ങൾക്ക് ഈണം പകർന്ന മാപ്പിളപ്പാട്ട് പ്രതിഭയ്ക്ക് വിട

സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു; മൂവായിരത്തിലേറെ ഗാനങ്ങൾക്ക് ഈണം പകർന്ന മാപ്പിളപ്പാട്ട് പ്രതിഭയ്ക്ക് വിട

'എ.ഐ.സി.സി ഓഫീസിൽ വന്ദേമാതരം പാടിയത് കേരളത്തിൽ നിന്നെത്തിയ ഗായകസംഘമാണോ?'; യു.ഡി.എഫ് സർക്കാരിനെ പരിഹസിച്ച് ചിന്താ ജെറോം

'എ.ഐ.സി.സി ഓഫീസിൽ വന്ദേമാതരം പാടിയത് കേരളത്തിൽ നിന്നെത്തിയ ഗായകസംഘമാണോ?'; യു.ഡി.എഫ് സർക്കാരിനെ പരിഹസിച്ച് ചിന്താ ജെറോം

Comments

Add a Comment

Our Channels

ഇസ്ലാമിക കാഴ്ചപ്പാടിൽ സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്'; കാന്തപുരത്തിന്റെ നിലപാടിനെ തള്ളി മുജാഹിദ് പ്രസ്ഥാനങ്ങൾ | Malayali Media