കണ്ണൂർ: തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദനെ കടന്നാക്രമിച്ച് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്. ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിന്റെ 'ബ്രൂട്ടസ്' ആണെന്ന് വിശേഷിപ്പിച്ച രാഗേഷ്, തന്നെ സ്ഥാനാർത്ഥിയാക്കാത്തത് എന്ത് കൊണ്ടെന്ന ചോദ്യം ഉന്നയിച്ച അദ്ദേഹം തികഞ്ഞ ഒരു വർഗ്ഗ വഞ്ചകനാണെന്നും കുറ്റപ്പെടുത്തി.
വലിയ വിപ്ലവകാരിയാണെന്ന ഭാവത്തിൽ നടന്നിരുന്ന വ്യക്തിയാണ് ഗോവിന്ദൻ. തനിക്ക് പ്രസ്ഥാനം എന്ത് നേടിത്തന്നുവെന്നാണ് ഇപ്പോൾ ചോദിക്കുന്നത്. അടിയന്തരാവസ്ഥ നിലനിന്ന കാലയളവിൽ പോലും ഒരു കേസുപോലും ഇദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ല. ഒരു കേസിൽ പോലും പെടാത്ത നേതാക്കൾ ഉണ്ടാകുമോ എന്ന് ചോദിച്ച രാഗേഷ്, ഇത് എന്തുതരം നേതാവാണെന്നും പരിഹസിച്ചു. ഒരു സാധാരണ അധ്യാപകനായിരുന്ന ഗോവിന്ദനെ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്വം വരെ നൽകി വളർത്തിയത് പ്രസ്ഥാനമാണ്. രാഷ്ട്രീയ പ്രതിയോഗികളുടെ പ്രഹരം സഹിക്കാമെന്നും എന്നാൽ സ്വന്തം പാളയത്തിൽ നിന്ന് പിന്നിൽ നിന്ന് കുത്തിയ ഇയാളെ വർഗ്ഗ വഞ്ചകൻ എന്നല്ലാതെ എന്ത് വിശേഷിപ്പിക്കുമെന്നും അദ്ദേഹം ആരാഞ്ഞു.
ഡോക്ടറേറ്റ് ബിരുദം കയ്യിലുണ്ടായിട്ടാണോ മുൻപ് പരിയാരം മെഡിക്കൽ കോളേജിന്റെ ചെയർമാൻ സ്ഥാനം നൽകിയത്, അതോ എം.ബി.എ യോഗ്യത കണ്ടിട്ടാണോ ഹാൻവീവ് അധ്യക്ഷ പദവി നൽകിയത് എന്ന് രാഗേഷ് ചോദിച്ചു. ഈ പദവികളെല്ലാം നൽകിയത് പ്രസ്ഥാനമല്ലേ. എന്നാൽ സ്വന്തം കൂട്ടത്തിൽ നിന്നുകൊണ്ട് പിന്നിൽ നിന്ന് കുത്തുകയാണ് തളിപ്പറമ്പിൽ ഉണ്ടായത്. നേരത്തെ തന്നെ ധാരണകൾ ഉറപ്പിച്ച ശേഷമാണ് ഇയാൾ ജില്ലാ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഇരുന്നത്. ഒപ്പം നിന്നുകൊണ്ട് തന്നെ പാർട്ടിയുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണ് ചെയ്തതെന്നും ഈ കൊടുംവഞ്ചന തളിപ്പറമ്പിലെ ജനങ്ങൾ ഒരിക്കലും വിസ്മരിക്കില്ലെന്നും രാഗേഷ് മുന്നറിയിപ്പ് നൽകി.
അതേസമയം, തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. എസ്.ഐ.ആർ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വോട്ട് വർദ്ധനവ് രേഖപ്പെടുത്തിയത് തളിപ്പറമ്പിലാണ്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് വലിയ തോതിൽ വോട്ട് കൂടിയത്. ഇവിടെ കൂടുതൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ ശേഷിയുള്ള ഒരു സ്ഥാനാർത്ഥിയെയായിരുന്നു മത്സരിപ്പിക്കേണ്ടിയിരുന്നത് എന്ന കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യം പരസ്യമായി തുറന്നുപറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.





