തൃശ്ശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന തരത്തിൽ പാസ്‌പോർട്ടിൽ നിന്ന് പുറത്തുവന്ന ഫോട്ടോ തൃശ്ശൂർ സ്വദേശിയായ ദാമോദര മേനോന്റേത് തന്നെയാണെന്ന് കേരള പോലീസ് വ്യക്തമാക്കി. ദാമോദര മേനോന്റെ പേരിലുള്ള കരുമത്രയിലെ പത്ത് സെന്റ് ഭൂമിയുടെ പ്രമാണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചത്.
പതിറ്റാണ്ടുകളായി തുടരുന്ന സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ നിർണ്ണായക വഴിത്തിരിവ് എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ ചിത്രങ്ങൾ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി സാമ്യമുള്ള ഒരാളെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കൊപ്പമായിരുന്നു ദാമോദര മേനോന്റെ ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്ന ഫോട്ടോയിലുള്ളത് തന്റെ സഹോദരനാണെന്ന് വ്യക്തമാക്കി തൃശ്ശൂർ സ്വദേശിയായ സഹോദരൻ രംഗത്തെത്തുകയായിരുന്നു. 26 വർഷം മുൻപാണ് ദാമോദര മേനോൻ അവസാനമായി നാട്ടിൽ വന്നതെന്നും, ഇടയ്ക്കിടെ ഫോണിൽ വിളിച്ച് ബന്ധുക്കളോട് സംസാരിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നാട്ടുകാരും സഹോദരന്റെ ഈ പ്രതികരണം ശരിവെച്ചിട്ടുണ്ട്. നിലവിൽ ഒരു അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ് ദാമോദര മേനോൻ.
തന്റെ ആരോഗ്യപ്രശ്നങ്ങൾ വ്യക്തമാക്കുന്ന ചിത്രം ഒരു മാസം മുൻപ് ദാമോദര മേനോൻ അയച്ചുതന്നിരുന്നുവെന്ന് അനന്തരവളുടെ ഭർത്താവായ ഗോപി പറഞ്ഞു. അമ്മാവനുമായി ഫോൺ വഴി ബന്ധപ്പെടാറുണ്ടെന്നും ചിത്രത്തിലുള്ളത് അദ്ദേഹം തന്നെയാണെന്ന് 90 ശതമാനവും ഉറപ്പാണെന്നും ഗോപി വ്യക്തമാക്കിയിരുന്നു. എന്നാൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കോൾ എടുത്തില്ലെന്നും ഗോപി കൂട്ടിച്ചേർത്തു.





