തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇ.ഡി കേസ് പ്രതികൾ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ. സംഭവം നടക്കുമ്പോൾ സ്റ്റേഷനിലുണ്ടായിരുന്ന ആറ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച സംഭവിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഈ ആറ് പോലീസുകാരെയും സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഉടൻ മാറ്റിനിർത്തുമെന്നാണ് വിവരം.
സ്റ്റേഷന്റെ ചുമതലയുള്ള സി.ഐ ആർ. പ്രശാന്തിന്റെ പൂർണ്ണ അറിവോടെയും സമ്മതത്തോടെയുമാണ് ഇ.ഡി പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികൾ പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിനായി കെട്ടിയ ഊഞ്ഞാലിലിരുന്ന് റീൽസ് ചിത്രീകരിച്ചത് വലിയ രാഷ്ട്രീയ-പൊതുജന വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്റ്റേഷനിൽ പ്രതിവാര ഒപ്പിടാൻ എത്തിയ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ധരിച്ച അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് ഊഞ്ഞാലാടിയതും വീഡിയോകൾ പകർത്തിയതും. പ്രതികൾ സ്റ്റേഷനിൽ ഇരുന്ന് ഊഞ്ഞാലാടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.





