പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കകൾ ശക്തമാകുന്നു. ഡിവിഷന്റെ പരിധിയിൽ നിന്ന് മംഗലാപുരത്തെ അടർത്തിമാറ്റുന്നതോടെ പാലക്കാട് ഡിവിഷന് വലിയ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വരുമാനത്തിൽ ഏതാണ്ട് 60 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിൽ പ്രധാന മാനദണ്ഡം വരുമാനമായതിനാൽ, മംഗലാപുരം ഒഴിവാക്കപ്പെടുന്നത് വഴി ഭാവിയിൽ പുതിയ സർവീസുകൾ ലഭിക്കാനുള്ള സാധ്യതകൾ മങ്ങും.
ഇതിനുപുറമെ, റെയിൽവേയുടെ ബജറ്റ് വിഹിതത്തിൽ കാര്യമായ കുറവുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. റൂട്ടിലെ ആകെ കിലോമീറ്റർ ദൈർഘ്യം, ട്രാക്കുകൾ, പ്രധാന സ്റ്റേഷനുകൾ, വരുമാന കണക്കുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ഡിവിഷനും ബജറ്റ് തുക അനുവദിക്കുന്നത്. ഡിവിഷൻ വിഭജനം യാഥാർത്ഥ്യമാകുന്നതോടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എമർജൻസി ക്വാട്ട (EQ) സംവിധാനവും പേരിനു മാത്രമായി ചുരുങ്ങും. മംഗളൂരുവിൽ നിന്നാരംഭിക്കുന്ന ട്രെയിനുകളിൽ എമർജൻസി ക്വാട്ട പ്രകാരമുള്ള ടിക്കറ്റുകൾ ലഭ്യമാകാൻ ഇനി മൈസൂരു ഡിവിഷൻ ആസ്ഥാനത്തെ ആശ്രയിക്കേണ്ട ദുർസ്ഥിതിയും ഇതോടെ ഉണ്ടാ
കും.





