കോഴിക്കോട്: സി.എം.ആർ.എൽ-എക്സാലോജിക് സൊല്യൂഷൻസ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണത്തെക്കുറിച്ച് പ്രചരിക്കുന്ന അസംബന്ധ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ഒരു തെറ്റും ചെയ്യാത്തതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ ഇതിനെ നിയമപരമായി നേരിടാനാകുമെന്ന ബോധ്യമുണ്ടെന്നും, ഈ നീക്കങ്ങൾക്ക് പിന്നിലെ രാഷ്ട്രീയവശങ്ങൾ പാർട്ടിയും താനും മുൻപുതന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്ന് റിയാസ് ചൂണ്ടിക്കാട്ടി. സേവനത്തിന്റെ ഭാഗമായി സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലർക്കും കൈമാറിയെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ തന്നോട് ഫോണിൽ വിവരങ്ങൾ ആരാഞ്ഞുവെന്നുമുള്ള മലയാള മനോരമയിലെ വാർത്ത തികച്ചും അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണ്. പത്രത്തിന്റെ ഒന്നാം പേജിൽ തന്റെ ചിത്രം സഹിതം പ്രസിദ്ധീകരിച്ച ഈ വ്യാജവാർത്തയ്ക്കെതിരെ കോടതിയെ സമീപിക്കും. അന്വേഷണം പുരോഗമിക്കുന്നതിനാലും നിയമപരമായി നേരിടുന്നതിനാലും ദിവസേന പ്രചരിക്കുന്ന അവാസ്തവങ്ങൾക്ക് മറുപടി നൽകാൻ നിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വീണയ്ക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ.എം. ഇ.ഡി റെയ്ഡിൽ ഭയന്നോടില്ലെന്നും ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടം എന്തുവിലകൊടുത്തും മുന്നോട്ടുകൊണ്ടുപോകുമെന്നും റിയാസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.





