കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബി.ജെ.പി നാലരക്കോടി രൂപയിലധികം ചെലവിട്ടെന്ന പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുൻ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. സംഭവത്തിൽ പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും ഔദ്യോഗികമായി പരാതി നൽകും. ബി.ജെ.പിയിൽ നിന്നുള്ള സമ്മർദ്ദം കാരണമാണ് പി.സി. ജോർജ് പിന്നീട് പ്രസ്താവന തിരുത്തിയത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ശൈലിയാണ് ജോർജിനുള്ളതെന്നും രാഷ്ട്രപിതാവിനെപ്പോലും അപമാനിച്ച ചരിത്രമുള്ള അദ്ദേഹത്തിന്റെ വർഗ്ഗീയ വിദ്വേഷ പരാമർശങ്ങൾ പതിവാണെന്നും കുളത്തുങ്കൽ വിമർശിച്ചു.
മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അഴിമതിയാണ് അരങ്ങേറിയതെന്നും ഇതിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്കെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വിഷലിപ്തമായ നുണപ്രചാരണങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. സ്വന്തം പിതാവ് ആരാണെന്ന കാര്യത്തിൽപ്പോലും ജോർജിന് വ്യക്തതയില്ലാത്ത അവസ്ഥയാണെന്ന് കുളത്തുങ്കൽ പരിഹസിച്ചു. രേഖകളിൽ പ്ലാത്തോട്ടത്തിൽ ചാക്കോ എന്നാണ് കാണുന്നതെങ്കിലും മോദിയാണ് തന്റെ അപ്പനെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. മുൻപ് ബിഷപ്പ് ഫ്രാങ്കോയെ കാണാൻ ജയിലിൽ പോയതിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്വന്തം അപ്പനെ കാണാനാണ് പോയതെന്നായിരുന്നു ജോർജിന്റെ മറുപടിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ മത്സരിച്ച് ജയിച്ച ശേഷം താൻ കേരള കോൺഗ്രസ് എമ്മിലേക്ക് മാറിയെന്ന ജോർജിന്റെ വാദം തെറ്റാണ്. താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയം കൈവരിച്ചതും കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായി നിന്നുകൊണ്ടാണ്. തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും ജോർജല്ല; അക്കാലത്ത് അദ്ദേഹം യു.ഡി.എഫിന്റെ ഭാഗമായിരുന്നില്ല. വാർദ്ധക്യസഹജമായി സാമാന്യബോധവും ചിന്താശേഷിയും നഷ്ടപ്പെടുന്ന അവസ്ഥ അദ്ദേഹത്തിനുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും തന്റെ പിതാവ് ആരാണെന്ന് ജോർജ് തന്നെ തീരുമാനിക്കട്ടെയെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിച്ചേർത്തു.





