**കൊല്ലം:** എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പരസ്യമായ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്റെ നടപടി. എൻ.എസ്.എസിന്റെ നേതൃനിരയിലിരുന്ന് മറ്റൊരു മതത്തിൽ വിശ്വസിക്കുകയും സനാതന ധർമ്മത്തെ തഴഞ്ഞ് അവിടങ്ങളിൽ ആരാധന നടത്തുകയും ചെയ്തുവെന്ന് യൂണിയൻ കുറ്റപ്പെടുത്തി. ഈ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് ഗണേഷ് കുമാറിനെതിരെ കൊട്ടാരക്കര താലൂക്ക് യൂണിയൻ ഔദ്യോഗികമായി പ്രമേയം പാസാക്കുകയും ചെയ്തു.
ഗണേഷ് കുമാർ സംഘടന വിട്ടുപോയത് ദൈവനിയോഗമാണെന്നും, എൻ.എസ്.എസിനെ തകർത്തുുകളയാമെന്ന അദ്ദേഹത്തിന്റെ ചിന്ത വിഡ്ഢികളുടെ സ്വർഗ്ഗത്തിലിരുന്നുകൊണ്ടുള്ള വ്യാമോഹമാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ഗണേഷ് കുമാർ സംസ്കാരമില്ലാത്ത കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തിയാണെന്നും യൂണിയൻ ആരോപിച്ചു. എൻ.എസ്.എസിൽ നിന്നും അദ്ദേഹം സ്വയം പുറത്തുപോകാൻ തയ്യാറാകണമെന്നും കൊട്ടാരക്കര താലൂക്ക് യൂണിയൻ കർശനമായി ആവശ്യപ്പെട്ടു.





