**തിരുവനന്തപുരം:** വിവിധ കോണുകളിൽ നിന്നും ഉയർന്ന വിവാദങ്ങൾക്കും പ്രതിപക്ഷ വിമർശനങ്ങൾക്കുമൊടുവിൽ, ഇത്തവണത്തെ സംസ്ഥാന തല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ നിന്ന് വന്ദേമാതരം പൂർണ്ണമായി ഒഴിവാക്കി. ചടങ്ങിന്റെ ഭാഗമായി ദേശീയഗാനം മാത്രമാണ് ആകെ ആലപിച്ചത്. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിജെപിയുടെ സംസ്ഥാന കാര്യാലയമുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകളിൽ ദേശീയഗീതം ആലപിച്ചു.
ഇതിനിടയിൽ, കോഴിക്കോട് കോർപ്പറേഷൻ കാര്യാലയത്തിൽ ഭരണപക്ഷ അംഗങ്ങൾ ദേശീയഗാനം മാത്രം ആലപിച്ചപ്പോൾ, യോഗത്തിലിരുന്ന ബിജെപി കൗൺസിലർമാർ ദേശീയഗീതം ആലപിച്ചത് നാടകീയമായ രംഗങ്ങൾക്കാണ് വഴിയൊരുക്കിയത്.





