തിരുവനന്തപുരം: കാസർകോട് വച്ച് ലഹരിമരുന്നായ എം.ഡി.എം.എയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിയിലായ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്നും, കേസിനെക്കുറിച്ചുള്ള വാർത്തകൾ കേന്ദ്ര സ്വാധീനം ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഒട്ടേറെ മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിടാൻ മടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാർത്തകൾ തമസ്കരിക്കുന്നത് ഭീരുത്വത്തിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "പിടിയിലായ വ്യക്തി മുൻ മുഖ്യമന്ത്രിയുടെ ജീവനക്കാരനായിരുന്നുവെങ്കിലോ? മുഖ്യമന്ത്രിയുടെ ആരാധകനാണ് പിടിയിലായതെന്ന് ഒരു പത്രം എട്ടാം പേജിൽ മാത്രമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. മന്ത്രി ഒ.ജെ. ജനീഷ് നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. ആരോപണവിധേയർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നാണ് മന്ത്രി വാദിച്ചത്. എന്നാൽ എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഇവരെ സംഘടനയിൽ നിന്നും പുറത്താക്കുകയുണ്ടായി. കോൺഗ്രസ് ബന്ധമില്ലെന്നാണ് മന്ത്രി വീണ്ടും പറയുന്നത്," വി.കെ. സനോജ് ചൂണ്ടിക്കാട്ടി.
പി.എം. ശ്രീ പദ്ധതി അറബിക്കടലിൽ തള്ളുമെന്ന് പറഞ്ഞവർ പിന്നീട് അതിന് പിന്നാലെ പോകുന്ന കാഴ്ചയാണെന്ന് സനോജ് പരിഹസിച്ചു. സമുദായ നേതാക്കന്മാരുടെ പടി കയറില്ലെന്ന് പറഞ്ഞവർ ഇപ്പോൾ എല്ലാ വാതിലുകളും മുട്ടുകയാണ്. ഇവരുടെ വാക്കുകളും പഴയ ചാക്കും ഒരുപോലെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും സനോജ് വിമർശിച്ചു. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചെന്നും സർവ്വകലാശാലകളിൽ സംഘപരിവാറുകാരെ തിരികിക്കയറ്റിയെന്നും സനോജ് കൂട്ടിച്ചേർത്തു.





