ഇടുക്കി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ചിത്രം ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ്. ഓൺലൈൻ തട്ടിപ്പിനിരയായ അസം സ്വദേശിയായ പ്രദീപ് കണ്ടുലോനക്കും കുടുംബത്തിനും 22,000 രൂപയാണ് നഷ്ടമായത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലിൽ നിന്നാണ് ഹിന്ദി ഭാഷയിലുള്ള സന്ദേശം ലഭിച്ചത്. ധനസഹായം ആവശ്യമെങ്കിൽ നൽകാം എന്നായിരുന്നു സന്ദേശത്തിലെ വാഗ്ദാനം.
സന്ദേശം കണ്ടതോടെ, സ്വന്തമായി വീട് വെക്കുന്നതിനായി 10 ലക്ഷം രൂപ വേണമെന്ന് കുടുംബം മറുപടി നൽകി. തുടർന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അത് അക്കൗണ്ടിലേക്ക് എത്തുന്നതിനായി ആദ്യം 6,000 രൂപ അടയ്ക്കണമെന്നും കാണിച്ച് വീണ്ടും സന്ദേശമെത്തി. ഇത് വിശ്വസിച്ച് കുടുംബം ആദ്യം 6,000 രൂപയും പിന്നീട് പലപ്പോഴായി ആകെ 22,000 രൂപയും അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തിൽ പ്രദീപ് കട്ടപ്പന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തട്ടിപ്പുകാരുടെ സന്ദേശങ്ങൾക്ക് മറുപടി അയച്ചതും പണം കൈമാറിയതും പ്രദീപിന്റെ ഭാര്യയായിരുന്നു. 22,000 രൂപ പൂർണ്ണമായി നഷ്ടപ്പെട്ടതിന് ശേഷമാണ് പ്രദീപ് ഈ കാര്യങ്ങൾ അറിയുന്നത്. അതിനുശേഷവും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങൾ എത്തിയതോടെയാണ് ഇയാൾ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം തൊഴിലാളികൾ സമാനമായ രീതിയിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.





