എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടുപോകുന്നതിൽ ഹൈക്കോടതി കടുത്ത അമർഷം രേഖപ്പെടുത്തി. വിഷയത്തിൽ അന്വേഷണ ചുമതലയുള്ള വിജിലൻസ് എസ്.പി ശശിധരനോട് വരുന്ന വെള്ളിയാഴ്ച കോടതിയിൽ നേരിട്ട് എത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ആകെയുള്ളതിൽ 17 കേസുകളിലെ കുറ്റപത്രം ഇതിനോടകം പൂർത്തിയായെന്നും ഒരേ സ്വഭാവമുള്ള പരാതികൾ ഏകോപിപ്പിച്ച് ഒന്നിച്ചു കുറ്റപത്രം നൽകാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും വിജിലൻസ് എസ്.പി കോടതി മുൻപാകെ വ്യക്തമാക്കിയിരുന്നു.
മൈക്രോ ഫിനാൻസ് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ 124 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റായ എം.എൻ. സോമൻ എന്നിവരടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. പിന്നാക്ക വിഭാഗങ്ങളിലുള്ള വനിതകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നബാർഡ് പിന്നാക്ക വികസന കോർപ്പറേഷൻ മുഖേന അനുവദിച്ച ഗ്രാന്റ് തുകയിൽ അമിത പലിശ ഈടാക്കി തട്ടിയെടുക്കുകയും, അഴിമതിയിലൂടെ സർക്കാരിനെ വഞ്ചിക്കുകയും ചെയ്തുവെന്നതാണ് കേസിലെ പ്രധാന കണ്ടെത്തൽ.





