തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അമൃതാനന്ദമയിയെ സന്ദർശിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി കെ.എം. ഷാജി. താൻ മുൻപ് നടത്തിയ പ്രസംഗം അവിടെത്തന്നെയുണ്ടെന്നും ആ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും കെ.എം. ഷാജി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും താൻ അത്തരമൊരു രീതി പിന്തുടരില്ലെന്നും അതാണ് തന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും തങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുള്ള മേഖലകൾ ഏതെല്ലാമാണെന്നും ഷാജി ചോദ്യമുയർത്തി.
അതേസമയം പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ലീഗിന് വ്യക്തമായ നിലപാടുണ്ട്. സമിതിക്ക് മുന്നിൽ ലീഗ് തങ്ങളുടെ എല്ലാ കാഴ്ചപ്പാടുകളും വ്യക്തമാക്കും. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതുകൊണ്ടുതന്നെയാണല്ലോ സമിതിക്ക് രൂപം നൽകിയത്. യോജിക്കാനും വിയോജിപ്പുകൾ രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. മുന്നണിയിൽ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സാഹചര്യങ്ങളിൽ അത് തുറന്നുപറയുമെന്നും കെ.എം. ഷാജി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ, അമൃതാനന്ദമയിക്കെതിരെ മുൻപ് കെ.എം. ഷാജി നടത്തിയ പരാമർശങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയായി മാറിയിരുന്നു. മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ആൾദൈവമായ അമൃതാനന്ദമയിയെ ആലിംഗനം ചെയ്യുന്നതും ദർഗ സന്ദർശിച്ച് പച്ചപ്പട്ട് വിരിക്കുന്നതും ഒരുപോലെ തെറ്റാണെന്നായിരുന്നു ഷാജിയുടെ അന്നത്തെ പ്രസ്താവന. അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷ വേളയിൽ അന്നത്തെ മന്ത്രി സജി ചെറിയാൻ അമൃതപുരിയിലെത്തുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്തതിന്റെ ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു കെ.എം. ഷാജി അന്ന് ഈ വിമർശനം ഉന്നയിച്ചിരുന്നത്.





