കോഴിക്കോട്: വടകരയിലെ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യഘട്ടത്തിൽ മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും അന്വേഷണസംഘം പരിശോധന നടത്തുക. ഈ നഗരങ്ങളിലെ വൻ ലഹരി സംഘവുമായി അധ്യാപികമാർക്ക് ബന്ധമുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
റിമാൻഡിൽ കഴിയുന്ന കീർത്തനയുടെ ഫോണിൽനിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ മുഴുവൻ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
കീർത്തനയുടെ അക്കൗണ്ടിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകളുടെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ്, എക്സൈസ് വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത വിവിധ എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവർ ഇടപാടുകൾ നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.





