ഇന്ത്യയിലെ യു.എസ് അംബാസിഡറായ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിർണ്ണായക ചർച്ച നടത്തി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടൽ വേദിയായ കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ പ്രമുഖ ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളായി. ഇരുപക്ഷത്തിനും പരസ്പര താല്പര്യമുള്ള വിവിധ രംഗങ്ങളിൽ കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കാനാണ് തീരുമാനം.
ഉന്നതവിദ്യാഭ്യാസം, വിനോദസഞ്ചാരം, സാംസ്കാരിക മേഖല, സാമ്പത്തിക നിക്ഷേപങ്ങൾ, സമുദ്ര വികസനം തുടങ്ങിയ വിവിധ തുറകളിലെ പങ്കാളിത്ത സാധ്യതകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഇതിനൊപ്പം കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ‘സിസ്റ്റർ സിറ്റീസ്’ സംരംഭം നടപ്പിലാക്കുന്ന കാര്യവും പരിശോധിച്ച് വരികയാണ്.
വിഴിഞ്ഞം, കൊച്ചി എന്നീ തുറമുഖങ്ങൾ അടിസ്ഥാനമാക്കി സമുദ്ര ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണവും അറ്റകുറ്റപ്പണികളും, ഗ്രീൻ ബങ്കറിങ് തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ എത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഈ ചർച്ചയിൽ മുഖ്യമന്ത്രിക്ക് പുറമെ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സന്നിഹിതനായിരുന്നു.
അമേരിക്കൻ അംബാസിഡറുമായി ചർച്ച നടന്ന അതേ ഹോട്ടലിൽ ഡൊണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസും ഉണ്ടായിരുന്നുവെങ്കിലും, മുഖ്യമന്ത്രി അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതിനിടെ, വ്യക്തിപരമായ സന്ദർശനത്തിന്റെ ഭാഗമായി മൈക്കൽ ബൂലോസ് ആലപ്പുഴയിലെത്തിയിട്ടുണ്ട്.





