രക്ഷാപ്രവർത്തനത്തിനായി പോയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ വകുപ്പിനുള്ളിലെ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. സസ്പെൻഷൻ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ഉദ്യോഗസ്ഥനെതിരായ നടപടിയിൽ വീഴ്ചയില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എസ്. നാഗരാജു വ്യക്തമാക്കി. സംഭവത്തിൽ ഇന്നലെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
ആറന്മുള എംഎൽഎ അബിൻ വർക്കി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ ആറന്മുളയിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനത്തിനിടെയല്ല, അടൂരിൽ വച്ചാണ് വാഹനത്തിന് പിഴ ചുമത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിനെതിരെ മോട്ടോർ വാഹന വകുപ്പിലെ സംഘടനകൾ പ്രതിഷേധം അറിയിച്ചത്.
വാഹനം പരിശോധിച്ചത് നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാണെന്നും സംഘടനകൾ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പതിവ് പരിശോധന നടത്തിയതെന്നും അടൂരിൽ പിഴ ഈടാക്കിയത് അനധികൃത ഫിറ്റിംഗ്സിന്റെ പേരിലാണെന്നുമാണ് അവരുടെ വാദം. സസ്പെൻഷൻ നടപടി ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെയും മനോവീര്യത്തെയും ബാധിക്കുമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ലൈജുവിനെതിരായ നടപടി തെറ്റായിരുന്നില്ലെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിലപാട്. സാഹചര്യങ്ങൾ മനസ്സിലാക്കി ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതായിരുന്നുവെന്നും സി.എസ്. നാഗരാജു വ്യക്തമാക്കി.





