PSC റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് LPST റാങ്ക് ഹോൾഡേഴ്സ് സമരം ശക്തമാക്കി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ പുല്ല് തിന്നാണ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സർക്കാരിൽ നിന്ന് കൃത്യമായ ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം കൂടുതൽ കടുപ്പിച്ചതെന്ന് സമരക്കാർ പറഞ്ഞു. പഠിച്ച് പരീക്ഷ വിജയിച്ച ശേഷം സെക്രട്ടേറിയറ്റിന് മുന്നിൽ പുല്ല് തിന്നേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, അധിക തസ്തികകൾ അനുവദിക്കുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം PSCയുടെ പരിധിയിലേക്ക് കൊണ്ടുവരിക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സമരസമിതിയുമായി സർക്കാർ ഏഴ് തവണ ചർച്ച നടത്തിയിട്ടും വിഷയത്തിൽ തീരുമാനമുണ്ടായില്ല.
സമരത്തിൽ നിന്ന് പിൻമാറണമെന്നും രണ്ട് മാസത്തെ സാവകാശം അനുവദിക്കാമെന്നുമായിരുന്നു സർക്കാർ മുന്നോട്ടുവച്ച നിർദേശം. എന്നാൽ ഈ നിർദേശം അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല.
അഞ്ച് ജില്ലകളിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥികൾക്ക് പോലും ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസം പിന്നിടാറായിട്ടും സമരാവശ്യങ്ങളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കാണ് പുതിയ തസ്തികകൾ അനുവദിക്കുന്നതിന് തടസ്സമെന്നാണ് വിവരം. അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി കുറച്ചാൽ ഏതാനും ഉദ്യോഗാർഥികൾക്കെങ്കിലും നിയമനം ലഭിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.





