തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിൽ ശക്തമാക്കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. സ്‌കൂബ ഡൈവേഴ്‌സിനെ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇനി തിരച്ചിൽ നടത്തുകയെന്ന് മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നിലവിലുള്ള സംവിധാനങ്ങൾ മതിയായതല്ലെന്നും മന്ത്രി പറഞ്ഞു. മറൈൻ ആംബുലൻസുമായി ബന്ധപ്പെട്ട പ്രശ്‌നവും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ടെന്നും രണ്ടുമാസം കൊണ്ട് പരിഹരിക്കാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങളല്ല ഇപ്പോൾ നേരിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം സർക്കാർ നടപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു. സുരക്ഷാ മുന്നറിയിപ്പുകൾ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്നും ഹാർബറുകൾ കേന്ദ്രീകരിച്ച് അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.





