Malayali Media
Kerala

മഴക്കെടുതിയിൽ വീഴ്ചകൾ നിരവധിയെന്ന് പിണറായി വിജയൻ; രാജേഷിന്റെ മൃതദേഹം കൊണ്ടുപോയത് അനാദരവെന്നും ആരോപണം

Admin User08 Aug 202645 views 3 min read
മഴക്കെടുതിയിൽ വീഴ്ചകൾ നിരവധിയെന്ന് പിണറായി വിജയൻ; രാജേഷിന്റെ മൃതദേഹം കൊണ്ടുപോയത് അനാദരവെന്നും ആരോപണം
Advertisement

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തബാധിത മേഖലകളിൽ ജനങ്ങൾ ആശങ്കയിലാണെന്നും ഈ ഘട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചകൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പുഴയിൽ കാണാതായവർക്കായുള്ള തെരച്ചിലിലും വൈകലുണ്ടായി. ദുരന്തസാഹചര്യം മുന്നിൽക്കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായോ എന്ന കാര്യം പരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ശക്തമായ മഴയ്ക്ക് ശേഷമാണ് അലേർട്ടുകൾ പുറപ്പെടുവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റാന്നിയിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് ഉണ്ടായതെന്നും മൂഴിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടെന്നും പിണറായി വിജയൻ ആരോപിച്ചു. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുഴയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ എൽഡിഎഫ് സർക്കാർ നടപടിയെടുത്തിരുന്നുവെന്നും എന്നാൽ അതിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസർ ആംബുലൻസ് പോലും ഏർപ്പെടുത്താതെയാണ് കൊണ്ടുപോയതെന്നും ഇത് വീഴ്ച മാത്രമല്ല, അനാദരവാണെന്നും പിണറായി വിജയൻ പറഞ്ഞു. കടലിൽ ആളുകളെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരച്ചിലിനായി ഹെലികോപ്റ്റർ ഉപയോഗിച്ചില്ലെന്നും മന്ത്രിമാർ ദുരന്തമേഖല സന്ദർശിച്ചില്ലെന്നും പരാതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിൽ നിന്ന് കോന്നി എംഎൽഎയെ മാറ്റിനിർത്തിയതായും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു നടപടി ആദ്യമായാണെന്നും പോരായ്മകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണോ എംഎൽഎയെ മാറ്റിനിർത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Tags:#pinarayi vijayan#kerala flood
Advertisement

Comments

Add a Comment

Our Channels

മഴക്കെടുതിയിൽ വീഴ്ചകൾ നിരവധിയെന്ന് പിണറായി വിജയൻ; രാജേഷിന്റെ മൃതദേഹം കൊണ്ടുപോയത് അനാദരവെന്നും ആരോപണം | Malayali Media