തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷയുടെ മൂല്യനിർണയത്തിൽ അപാകത സംഭവിച്ചതായി കണ്ടെത്തി. ഇത് സംബന്ധിച്ച ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് ഔദ്യോഗികമായി സമർപ്പിച്ചു. 10 ചോദ്യങ്ങളുടെ വിപരീത തിരുത്തലുകളോ മൂല്യനിർണയമോ നടത്താതെ ഫലപ്രഖ്യാപനം നടത്തിയതിൽ ഗുരുതരമായ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തൽ. വിഷയത്തിൽ മറ്റന്നാൾ ചേരുന്ന പിഎസ്‌സി യോഗം വിശദമായ ചർച്ച നടത്തും.
ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്ക് നടത്തിയ പൊതുപരീക്ഷയിലാണ് 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ ഒഴിവാക്കിയത്. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് ലിസ്റ്റ് നിലവിൽ വരികയും രണ്ടുപേർക്ക് ജോലി ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരു ഉദ്യോഗാർത്ഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയതോടെയാണ് പിഎസ്‌സിക്ക് സ്വന്തം പിഴവ് സമ്മതിക്കേണ്ടി വന്നത്.
പരീക്ഷാ അപാകതകളുമായി ബന്ധപ്പെട്ട അന്വേഷണം എസ്ഐടി (SIT) നിലവിൽ ഊർജിതമാക്കിയിട്ടുണ്ട്. വിഷയത്തിൽ പിഎസ്‌സി സംശയനിഴലിലായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകളിലായിരുന്നു ആദ്യഘട്ടത്തിൽ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നുവന്നത്.
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശനാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഐജി അജിത ബീഗത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിഎസ്‌സി ആസ്ഥാനത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു. പ്രധാനമായും കമ്പ്യൂട്ടറുകളാണ് സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.





