ആലപ്പുഴ: മാന്നാർ ചെന്നിത്തല കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അഞ്ച് നാട്ടുകാർക്കെതിരെ മാന്നാർ പൊലീസ് കേസെടുത്തു. ചെന്നിത്തല സ്വദേശികളായ ഉദയൻ, ഉമേഷ്, ബിജു, ബാലു, സുനിൽ എന്നിവർക്കെതിരെയാണ് കെഎസ്ഇബി അധികൃതരുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഓഫീസിലെ ഓവർസിയറെ ചീത്തവിളിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് പൊലീസിന്റെ നടപടി.
ജൂലൈ 18-ന് രാത്രി ഒൻപത് മണിയോടെ വൈദ്യുതി മുടങ്ങിയതിനെക്കുറിച്ച് പരാതിപ്പെടാനാണ് അഞ്ചംഗ സംഘം ചെന്നിത്തല സെക്ഷൻ ഓഫീസിലെത്തിയത്. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മാത്രവുമല്ല, ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിക്കാത്തവിധം ഓഫീസിനുള്ളിൽ കയറി തടഞ്ഞുവെച്ചതായും കെഎസ്ഇബി ജീവനക്കാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.





