തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ വ്യാപക സ്ഥലംമാറ്റം. 264 ജീവനക്കാരെ സ്ഥലംമാറ്റി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ നിർദേശത്തെത്തുടർന്നാണ് ഈ നടപടി കൈക്കൊണ്ടത്. പ്രാബല്യത്തിൽ വന്ന ഉത്തരവിൽ ഉൾപ്പെട്ട 262 പേരും വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാരാണ്. ഇവർക്ക് പുറമെ തിരുവനന്തപുരം കോർപ്പറേഷനിലെ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെ രണ്ടു ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭ്യമായിട്ടുണ്ട്.
ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡയറക്ടർക്ക് മന്ത്രി കെ.എം. ഷാജി മുൻപ് കുറിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 264 പേരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നത്. സ്ഥലംമാറ്റ ഉത്തരവിലുള്ള ഉദ്യോഗസ്ഥരിൽ സെൻസസ് ചുമതലയുള്ളവർ ഉണ്ടെങ്കിൽ, പ്രസ്തുത ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷം മാത്രം അവരെ വിടുതൽ ചെയ്താൽ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിർദേശം. ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് രണ്ടാം ഘട്ടമായി പുറപ്പെടുവിക്കുമെന്നാണ് വിവരങ്ങൾ.





