കൊല്ലം: അന്തരിച്ച മാതാവിന്റെ മൃതദേഹം വീടിനുള്ളിൽ സൂക്ഷിച്ച് മകൻ പൂജ നടത്തി. കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ചിന്നത്താമ (90) എന്ന വയോധികയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി ഇത്തരത്തിൽ പൂജിച്ചത്. മൂന്ന് ദിവസത്തോളം ഇയാൾ ഭൗതികശരീരം വീട്ടിൽ തന്നെ വെച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അമ്മയുടെ വിയോഗത്തിന് ശേഷം വീടിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ മകൻ വിലക്കിയിരുന്നു. ഇന്നലെ രാത്രി കൃഷ്ണസ്വാമിയുടെ മകളും പേരക്കുട്ടിയും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ നാട്ടുകാരെയും പഞ്ചായത്ത് മെമ്പറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
മൃതദേഹത്തിന് ഏകദേശം നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അമ്മയുടെ പെട്ടെന്നുള്ള മരണത്തിലുണ്ടായ മാനസിക ആഘാതമാണ് മകനെ ഇത്തരമൊരു പ്രവൃത്തിക്ക് പ്രേരിപ്പിച്ചതെന്നും, സംഭവത്തിൽ മറ്റു ദുരൂഹതകളൊന്നുമില്ലെന്നുമാണ് പ്രാഥമിക നിഗമനം.





