Malayali Media
Kerala

ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

23 Jul 202634 views 3 min read
ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി
Advertisement

തിരുവനന്തപുരം: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. എസ്.പി ശശിധരന്റെ സാന്നിധ്യത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ വൈകുന്നേരത്തോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. സ്വന്തം വാഹനത്തിലാണ് അഭിഭാഷകനും സുഹൃത്തുക്കൾക്കുമൊപ്പം അജികുമാർ പോലീസ് ക്ലബ്ബിലെത്തിയത്. എസ്.പി ശശിധരന്റെ മേൽനോട്ടത്തിൽ പ്രശാന്തിനെയും അജികുമാറിനെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്.

​ഇന്ന് രാവിലെ പ്രശാന്തിന്റെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം (SIT) ഇയാളെ കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണ്ണം പൂശുന്നതിനായി മാറ്റിയതുമായി ബന്ധപ്പെട്ട കേസിൻമേലാണ് പോലീസ് നടപടി. 

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി.എസ്. പ്രശാന്ത് അടക്കമുള്ള ഏഴ് പേരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. 2019-ൽ നടന്നതായി പറയുന്ന സ്വർണ്ണക്കവർച്ച മറച്ചുവെക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് 2025-ൽ ദ്വാരപാലക വിഗ്രഹങ്ങൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നാണ് പ്രധാന ആരോപണം. ഈ നീക്കത്തിന് ആവശ്യമായ ഭരണാനുമതി നൽകുന്നതിലും ഫയൽ നീക്കങ്ങളിലും അന്നത്തെ ദേവസ്വം ബോർഡ് ഭാരവാഹികൾക്ക് പങ്കുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രശാന്തിനും മുൻ ബോർഡ് അംഗം എ. അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്.

​എന്നാൽ ആരോപിക്കപ്പെടുന്ന തരത്തിലുള്ള യാതൊരു ഗൂഢാലോചനയിലും താൻ പങ്കാളിയായിട്ടില്ലെന്നാണ് പി.എസ്. പ്രശാന്ത് വ്യക്തമാക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വളരെ കുറച്ചുതവണ മാത്രമാണ് താൻ കണ്ടിട്ടുള്ളതെന്നും സംസാരിച്ചിട്ടുള്ളതെന്നും ഇയാൾ അവകാശപ്പെടുന്നു. താൻ പ്രസിഡന്റായിരുന്ന കാലയളവിൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചിട്ടില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നുമാണ് പ്രശാന്ത് നൽകുന്ന വിശദീകരണം.

Tags:#Sabarimala#gold theft#ps prasanth
Advertisement

Comments

Add a Comment

Our Channels

ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി | Malayali Media