Malayali Media
Kerala

ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച: അന്വേഷണ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് എസ്.പിയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്

Admin User23 Jul 202628 views 3 min read
ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച: അന്വേഷണ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് എസ്.പിയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്
Advertisement

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റാമിനെ വിട്ടയച്ച വിഷയത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയും ക്രൈംബ്രാഞ്ച് എസ്.പിയും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. അറസ്റ്റ് നടപടികൾ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചാണോ നടത്തിയത് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകാനും, കേസിൽ പോലീസ് കോടതിക്ക് നൽകിയ രേഖകൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പബ്ലിക് പ്രൊസിക്യൂട്ടറോടും കോടതി ഉത്തരവിട്ടു.

​നേരത്തെ, പ്രതിയെ വിട്ടയക്കാൻ ഇടയാക്കിയ സംഭവത്തിൽ പോലീസിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്കുമെതിരെ ഹൈക്കോടതി കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിനായി പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും, പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് ചെയ്യാനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ടെന്ന അടിസ്ഥാന നിയമം പോലും ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അറിവില്ലേ എന്ന് കോടതി ചോദ്യമുയർത്തി.

​അറസ്റ്റിനുള്ള കാരണം വ്യക്തമാക്കിയില്ലെങ്കിൽ അത് നിയമവിരുദ്ധമാകുമെന്ന് ഉദ്യോഗസ്ഥന് ബോധ്യമുണ്ട്. സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഈ കേസിൽ ബന്ധമുണ്ടെന്നും പ്രതിയെ സംരക്ഷിക്കാൻ ഇവർ ഇടപെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.

​പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന അവസ്ഥയാണിവിടെയെന്ന് ജസ്റ്റിസ് എ. ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം താൻ ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇതിൽ ഭരണകൂടം പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു. പ്രതിക്ക് തടിയൂരാൻ പഴുതുകൾ ഉണ്ടാക്കിക്കൊടുത്ത ഡിവൈ.എസ്.പി തികച്ചും അയോഗ്യനായ ഉദ്യോഗസ്ഥനാണെന്നും കോടതി വിമർശിച്ചിരുന്നു.

Tags:#Nithin raj#dr ram
Advertisement

Comments

Add a Comment

Our Channels

ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച: അന്വേഷണ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് എസ്.പിയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ് | Malayali Media