തിരുവനന്തപുരം: മുൻ എം.എൽ.എയുടെ ഭാര്യ എന്ന ആനുകൂല്യത്തിൽ മുതിർന്ന സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി പെൻഷൻ കൈപ്പറ്റുന്നുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി മുൻ എം.എൽ.എ പി.ആർ. കൃഷ്ണന്റെ മകൻ അജിത്ത്. തന്റെ അമ്മയായ പി.കെ. ശ്രീമതിയാണ് ഈ പെൻഷൻ വാങ്ങിയിരുന്നതെന്ന് അജിത്ത് വ്യക്തമാക്കി. പേരിലെ സാമ്യം മുതലെടുത്ത് വ്യാജപ്രചാരണം നടത്തുകയാണെന്നും, തന്റെ അമ്മയുടെ പെൻഷൻ പി.കെ. ശ്രീമതി ടീച്ചർ വാങ്ങിയിട്ടില്ലെന്നും കോൺഗ്രസ് നേതാവായിരുന്ന പി.ആർ. കൃഷ്ണന്റെ മകൻ.
തന്റെ മാതാവായ പി.കെ. ശ്രീമതിയാണ് പെൻഷൻ തുക കൈപ്പറ്റിയിരുന്നതെന്നും, അമ്മയുടെ നിര്യാണത്തിന് ശേഷം പെൻഷൻ നടപടികൾ അവസാനിപ്പിച്ചെന്നും അജിത്ത് വ്യക്തമാക്കി. പി.കെ. ശ്രീമതി ടീച്ചർക്ക് ഈ തുക വാങ്ങേണ്ട യാതൊരു സാഹചര്യവുമില്ല. ടീച്ചറോടുള്ള രാഷ്ട്രീയ വൈരാഗ്യമാകാം ഇത്തരം തെറ്റായ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ടീച്ചറെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പിതാവിന്റെ മരണശേഷം അമ്മ ജീവിച്ചിരുന്ന കാലത്തോളം പെൻഷൻ ലഭിച്ചിരുന്നു. അമ്മ അന്തരിച്ചപ്പോൾ മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ ബന്ധപ്പെട്ട വകുപ്പിൽ സമർപ്പിക്കുകയും പെൻഷൻ കൈപ്പറ്റുന്നത് ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അജിത്ത് വ്യക്തമാക്കി.





