വനിതാ യാത്രക്കാരുടെ രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി. പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് വെച്ച് ഗതാഗത മന്ത്രി സി.പി. ജോൺ നിർവ്വഹിക്കും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് തിരുവനന്തപുരം നഗരത്തിൽ സർവീസ് നടപ്പിലാക്കുന്നത്.
വൈകുന്നേരം 6 മണി മുതൽ രാത്രി 10.45 വരെയായിരിക്കും ഈ ബസിന്റെ പ്രവർത്തന സമയം. ആദ്യഘട്ടത്തിൽ തമ്പാനൂരിൽ നിന്ന് ടെക്നോപാർക്കിലേക്കായിരിക്കും സർവീസ് നടത്തുക. കെ.എസ്.ആർ.ടി.സി.യുടെ ഫാസ്റ്റ് ലിങ്ക് വിഭാഗത്തിൽപ്പെടുന്ന ഈ ബസ് സർവീസിൽ യാത്ര സൗജന്യമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വി.ഡി. സതീശൻ സർക്കാരിന്റെ പ്രഖ്യാപനങ്ങളിലൊന്നായ ഇന്ദിര ഗ്യാരണ്ടി പ്രകാരം സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശനി' പദ്ധതി ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. പദ്ധതി യാത്രക്കാർക്കിടയിൽ വൻ വിജയമാണെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. എന്നാൽ, പ്രതീക്ഷിച്ചതിലും ഇരട്ടി സ്ത്രീ യാത്രക്കാരാണ് സർവീസുകൾ ഉപയോഗിക്കുന്നത്. ഇതോടെ പദ്ധതിക്കായി പ്രതിമാസം പ്രതീക്ഷിച്ചതിനേക്കാൾ 30 കോടി രൂപ അധികമായി നൽകേണ്ടിവരുന്നത് സർക്കാരിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.





