ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) എം.എൽ.എമാരുടെ യോഗത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും, എതിരാളികളുടെ കെണികളിൽ വീഴരുതെന്നും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിർദ്ദേശിച്ചു. തെറ്റായ വഴിയിൽ സഞ്ചരിക്കുന്ന എം.എൽ.എമാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു.
ടി.വി.കെ സർക്കാരിനെ താഴെയിറക്കാൻ ഡി.എം.കെ ശ്രമം തുടരുകയാണെന്നും, പാർട്ടി എം.എൽ.എമാരെ കെണിയിൽ പെടുത്താൻ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ടെന്നും വിജയ് ആരോപിച്ചു. കള്ളക്കുറിച്ചി എം.എൽ.എ അരുൾ വിഘ്നേഷ് (36) ജില്ലാ കളക്ടർ പദ്മജയ്ക്ക് അനാവശ്യ സന്ദേശങ്ങൾ അയച്ചെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രണ്ട് മാസം മുൻപ് മദ്യലഹരിയിലായിരുന്ന എം.എൽ.എ കളക്ടർക്ക് വാട്ട്‌സ്ആപ്പ് വഴി ദുരുദ്ദേശ്യത്തോടെ സന്ദേശങ്ങളയക്കുകയും, രാത്രി വൈകി ഔദ്യോഗിക വസതിയിലെത്തി ശല്യം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. കളക്ടർ ഇക്കാര്യം ഭരണകക്ഷിയിലെ മുതിർന്ന മന്ത്രിയെ അറിയിച്ചതിനെ തുടർന്ന്, മന്ത്രി ഇടപെട്ട് എം.എൽ.എയെ വിളിച്ചുവരുത്തി കളക്ടറോട് മാപ്പ് പറയിച്ച് പ്രശ്നം താൽക്കാലികമായി ഒത്തുതീർപ്പാക്കിയതായാണ് വിവരം.
സംഭവത്തിന് ശേഷം ഔദ്യോഗിക പരിപാടികളിലും പൊതുവേദികളിലും കളക്ടറും എം.എൽ.എയും ഒരുമിച്ച് പങ്കെടുക്കുന്നത് ഒഴിവാക്കി വരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും വിവാദമായത്.





