ഡൽഹി: പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ (75) ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. എയിംസിലെ കാർഡിയോ-ന്യൂറോ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം കൂടുതൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി കാർഡിയോളജി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
പ്രഭാത നടത്തത്തിനിടെ ബോധരഹിതനായി വീണ ധൻകറെ സുരക്ഷാ ഉദ്യോഗസ്ഥർ പിസിആർ വാഹനത്തിൽ വസതിയിലെത്തിക്കുകയും, പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ എയിംസിലേക്ക് മാറ്റുകയുമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ ലഭ്യമായിട്ടില്ലെന്നും, എയിംസ് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2022 ഓഗസ്റ്റ് മുതൽ 2025 ജൂലൈ വരെയാണ് ജഗ്ദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് 2025 ജൂലൈയിൽ അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ചത്.





