ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് കനത്ത ആഘാതം സൃഷ്ടിച്ച് മൂന്ന് എംഎൽഎമാർ ബിജെപിയിൽ അംഗത്വമെടുത്തു. കഴിഞ്ഞ ദിവസം രാജിവെച്ച ഹർമീത് സിംഗ്, ചേതൻ സിംഗ് എന്നിവർക്കൊപ്പം ഇന്ന് രാജിക്കത്ത് കൈമാറിയ കുൻവാർ വിജയ് പ്രതാപ് സിംഗുമാണ് ബിജെപി പാളയത്തിലെത്തിയത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള 40 അംഗ പ്രാഥമിക സ്ഥാനാർത്ഥി പട്ടിക എഎപി പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ കൂടുമാറ്റം.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പഞ്ചാബിന്റെ ചുമതലയുള്ള ബിജെപി നേതാവ് സതീഷ് പൂനിയ, ഇൻചാർജ് വീരേന്ദ്ര സച്ച്ദേവ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടിയിൽ ചേർന്നത്. ഇത് വലിയൊരു പിളർപ്പിലേക്കുള്ള തുടക്കം മാത്രമാണെന്നും ബാക്കി കാര്യങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും സംഭവത്തോട് പ്രതികരിച്ച ബിജെപി വക്താവ് ജയ്വീർ ഷെർഗിൽ പറഞ്ഞു.
പാർട്ടി വിട്ടതിന് പിന്നാലെ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രൂക്ഷ വിമർശനവുമായി കുൻവാർ വിജയ് പ്രതാപ് രംഗത്തെത്തി. ഭരണതലത്തിൽ ഗുണ്ടകൾ പിടിമുറുക്കുകയാണെന്നും സംസ്ഥാനത്ത് തൊഴിലില്ലായ്മ ക്രമാതീതമായി പെരുകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം സ്വത്വം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് പഞ്ചാബെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, എംഎൽഎമാരുടെ രാജിയെക്കുറിച്ച് പ്രതികരിക്കാൻ എഎപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.





