ജംഷഡ്പൂർ: ജാർഖണ്ഡിലെ സരൈക്കേല-ഖാർസാവൻ ജില്ലയിലെ ഗംഭാരിയ പോലീസ് സ്റ്റേഷനിൽ ഇരുപതുകാരി ലൈംഗിക പീഡനത്തിനിരയായ കേസിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ വയർലെസ് ഓപ്പറേറ്റർ നീരജ് ലാഖ്റ, എസ്ഐ മനോജ് കുമാർ സാഹു, കോൺസ്റ്റബിൾ സന്തോഷ് റായ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഇതുവരെ രണ്ട് സബ് ഇൻസ്പെക്ടർമാരും ഒരു ഹവിൽദാരും കോൺസ്റ്റബിളും അടക്കം 15 പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
ഒക്ടോബർ 29-ന് നടന്ന അതിക്രമത്തിൽ അതിജീവിത നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. ശനിയാഴ്ച നീരജിന്റെയും തൊട്ടടുത്ത ദിവസം ഞായറാഴ്ച മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രാഥമിക ഘട്ടത്തിൽ അഞ്ച് പോലീസുകാരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്.
സരൈക്കേല എസ്ഡിപിഒ അനുഭവ് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കുമെന്നും എസ്പി മനോജ് സ്വർഗിയാരി വ്യക്തമാക്കി.





