ന്യൂഡൽഹി: റിയാലിറ്റി ഷോയിലെ പങ്കാളിത്തത്തിന് പിന്നാലെ ജനപ്രീതി ഉയർന്നതിനാൽ തനിക്ക് കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ അനുവദിക്കണമെന്ന് കേന്ദ്ര-ബിഹാർ സർക്കാരുകളോട് ആവശ്യപ്പെട്ട് ജെജെഡി അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നിലവിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് തനിക്കൊപ്പമുള്ളതെന്നും പൊതുപരിപാടികളിൽ വലിയ ജനക്കൂട്ടം ചുറ്റും കൂടുന്നത് തനിക്കും ഒപ്പമുള്ള ജീവനക്കാരനും ഒരുപോലെ ഭീഷണിയാണെന്നും അദ്ദേഹം എക്സിലൂടെ ചൂണ്ടിക്കാട്ടി.
പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടത്തോടെ സെൽഫിയെടുക്കാൻ തടിച്ചുകൂടുന്നത് നിയന്ത്രിക്കാൻ ഒരാൾക്ക് മാത്രമായി സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷ കൂട്ടണമെന്ന് ഇരു സർക്കാരുകളോടും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും തേജ് പ്രതാപ് പറഞ്ഞു.
തനിക്കോ ഒപ്പമുള്ള ഉദ്യോഗസ്ഥർക്കോ എന്തെങ്കിലും അപായം സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്തം പറയുകയെന്നും എന്തെങ്കിലും അത്യാഹിതം ഉണ്ടാകാൻ സർക്കാർ കാത്തിരിക്കുകയാണോയെന്നും ചോദിച്ച അദ്ദേഹം, വൈകാതെ മതിയായ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.





