ന്യൂഡൽഹി: വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കണമെന്ന പൊതുതാൽപ്പര്യ ഹർജി തള്ളിക്കൊണ്ട്, നിരക്ക് കൂടുതലാണെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശിച്ചു. ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നതിനിടെ ഈ നിരീക്ഷണം നടത്തിയത്.
ഉത്സവ സീസണുകളിലും അടിയന്തര ഘട്ടങ്ങളിലും വിമാന ടിക്കറ്റ് നിരക്കിൽ 700 ശതമാനം വരെ ഭീമമായ വർദ്ധനവുണ്ടാകുന്നുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിമാനയാത്ര ഒരു അവശ്യ സർവീസാണെന്നും തോന്നുംപടിയുള്ള നിരക്ക് വർദ്ധന ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ ലംഘനമാണെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ, നിരക്ക് കൂടുതലെങ്കിൽ യാത്ര ചെയ്യേണ്ടതില്ലെന്നും അടുത്ത കേസ് വിളിക്കൂ എന്നും നിർദ്ദേശിച്ചുകൊണ്ട് കോടതി ഹർജി തള്ളുകയായിരുന്നു.





