ന്യൂഡൽഹി: ടാറ്റ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വ്യവസായ സ്ഥാപനങ്ങളെ ബിജെപി തങ്ങളുടെ കളിപ്പാവയായി കാണുകയാണെന്നും ഭയം കാരണം വ്യവസായ പ്രമുഖർ ശബ്ദമുയർത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ രാഹുൽ ഗാന്ധി വാണിജ്യ-നിയമ കാര്യങ്ങളെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഇന്ത്യൻ വ്യവസായ മേഖലയോടും ജുഡീഷ്യറിയോടും അവിശ്വാസം വളർത്താൻ ശ്രമിക്കുകയാണെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തുറന്നടിച്ചു.
ടാറ്റ ഗ്രൂപ്പ് ക്രിമിനൽ സ്വഭാവത്തോടെ തകർക്കപ്പെടുകയാണെന്നും ഈ കുറ്റകൃത്യങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും എക്സിലെ കുറിപ്പിലൂടെ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വ്യവസായ പ്രമുഖർ എത്രനാൾ ഇതിനെതിരെ നിശബ്ദത പാലിക്കുമെന്നും അദ്ദേഹം ചോദിച്ചു. വ്യവസായങ്ങൾ ബിജെപിയുടെ സ്വന്തം സ്വത്തല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുലിന്റെ വാദങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയ ധനമന്ത്രി നിർമ്മല സീതാരാമൻ, പ്രതിപക്ഷ നേതാവ് എല്ലാ വിഷയങ്ങളെയും ക്രിമിനൽവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളോളം 'ലൈസൻസ്-ക്വോട്ട രാജ്' വഴി സംരംഭകരെ ശ്വാസംമുട്ടിക്കുകയും കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്ത ചരിത്രമാണ് കോൺഗ്രസിനുള്ളത്. നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ നിക്ഷേപത്തിനും തൊഴിലവസരങ്ങൾക്കും വളർച്ചയ്ക്കും മുൻഗണന നൽകുന്നതാണെന്നും രാഹുൽ ഗാന്ധി എല്ലായിടത്തും ഭയം കാണുന്നത് അവസാനിപ്പിക്കണമെന്നും അവർ എക്സിൽ വ്യക്തമാക്കി.





