ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ എ.എ. റഹീം എംപി ഉൾപ്പെടെയുള്ള എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങൾ എവിടെ പ്രതിഷേധിക്കണമെന്ന് ഭരണകൂടം നിശ്ചയിച്ചുതരുന്ന സാഹചര്യം ജനാധിപത്യം മരിച്ചതിന് തുല്യമാണെന്നും, ഭരണഘടനാപരമായ പ്രതിഷേധ അവകാശങ്ങൾക്കായി ജീവന്റെ അവസാന ശ്വാസം വരെയും പോരാടുമെന്നും കസ്റ്റഡിയിലായതിന് പിന്നാലെ റഹീം വ്യക്തമാക്കി.
എവിടെ, എത്ര സമയം സമരം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഭരണകൂടമല്ലെന്നും അത് ഓരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജന്തർ മന്തറിലെ പ്രതിഷേധ വേദി ജനങ്ങൾ തിരിച്ചുപിടിക്കുമെന്നും തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും റഹീം കൂട്ടിച്ചേർത്തു.





