ന്യൂഡൽഹി: സാധാരണക്കാരെന്നോ സംഘടനകളുടെ പ്രതിനിധികളെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാർക്കും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതിയുടെ വാതിലുകൾ ഏവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആശങ്കകൾ എങ്ങനെ അറിയിക്കാനാകുമെന്ന ചോദ്യത്തോട് പ്രതികരിച്ച അദ്ദേഹം, നിയമപരമായ രീതിയിൽ വിഷയങ്ങൾ കേൾക്കുമെന്നും അർഹമായ അവകാശങ്ങൾ ജനങ്ങൾക്ക് ഉറപ്പാക്കുമെന്നും വ്യക്തമാക്കി. വോട്ട് ചോർച്ച ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി ബന്ധപ്പെട്ട നിവേദനം നൽകാൻ കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ ഇന്ത്യാ സഖ്യ നേതാക്കളുടെ ആവശ്യം നിരസിച്ച സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ചത്തെ തീയതി വെച്ചുള്ള നേതാക്കളുടെ കത്ത് കഴിഞ്ഞ ദിവസമാണ് തനിക്ക് ലഭിച്ചതെന്നും താൻ സ്ഥലത്തില്ലാത്തതിനാലാണ് കത്ത് ലഭിക്കാൻ വൈകിയതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്നലെ രാത്രി തന്നെ കത്തിന് മറുപടി നൽകിയിരുന്നു.
ചില പ്രത്യേക കാരണങ്ങളാൽ കൂടിക്കാഴ്ച അനുവദിക്കാൻ സാധിക്കില്ലെന്ന് മറുപടിയിൽ അറിയിച്ചിട്ടുണ്ടെന്നും അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാൽ ഉള്ളടക്കം എന്താണെന്ന് നേതാക്കളോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





