ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം പദവി ഒഴിയണമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. സ്വന്തം നിലനിൽപ്പ് ഉറപ്പാക്കാനായി മോദി സർക്കാർ പോലീസിനെ മുന്നിൽ നിർത്തി പ്രതിരോധിക്കുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
'വോട്ട് കൊള്ള' സംബന്ധിച്ച് പുറത്തുവിട്ട തെളിവുകൾ ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന്റെ അനിവാര്യത തെളിയിക്കുന്നതാണെന്ന് പൈലറ്റ് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുകയാണെന്നും, തങ്ങളുടെ ആവശ്യം സുപ്രീം കോടതി കേൾക്കണമെന്നാണ് പ്രക്ഷോഭകർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയൻ മാർഗത്തിലൂടെ സമാധാനപരമായി പ്രതിഷേധിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ യുവാക്കളെ മർദ്ദിക്കുകയും നേതാക്കളെ തടവിലാക്കുകയുമാണ് പോലീസ് ചെയ്യുന്നതെന്നും പൈലറ്റ് കുറ്റപ്പെടുത്തി. ഈ തെറ്റായ നടപടികൾ തിരുത്താൻ സുപ്രീം കോടതി വാദം കേൾക്കണമെന്നും ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാൻ യാതൊരു അർഹതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





