ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ വലിയ തോതിലുള്ള അഴിച്ചുപണികളുമായി കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻസിഇആർടി. ചരിത്രപ്രസിദ്ധമായ റഷ്യൻ വിപ്ലവം, ഫ്രഞ്ച് വിപ്ലവം എന്നിവ സംബന്ധിച്ച അധ്യായങ്ങൾ പുസ്തകത്തിൽ നിന്നും പൂർണ്ണമായി നീക്കം ചെയ്തു. ഇതിന് ബദലായി നാട്ടുരാജാക്കന്മാരുടെ പോരാട്ട ചരിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തുർക്കികൾക്കും മുഗളന്മാർക്കുമെതിരെ മറാഠകളും രജപുത്രരും സിഖുകാരും ജാട്ടുകളും നടത്തിയ ചെറുത്തുനിൽപ്പുകൾ പുതിയ ചരിത്ര പാഠഭാഗങ്ങളിൽ ഇടംപിടിച്ചു. മുഗൾ ചക്രവർത്തി അക്ബറിനെതിരെ മഹാറാണാ പ്രതാപും മുഗളർക്കെതിരെ അഹോം രാജവംശവും നടത്തിയ പോരാട്ടങ്ങൾ വിശദീകരിക്കുന്നതിനൊപ്പം, രാജാക്കന്മാർ യുദ്ധം ചെയ്തത് ഹൈന്ദവ ദേവതകൾ നൽകിയ വാളുകളുപയോഗിച്ചാണെന്ന ഐതിഹ്യങ്ങളും പരമ്പരാഗത വിശ്വാസങ്ങളും ചരിത്രവസ്തുതകളെന്നോണം ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
മധ്യകാല ഇന്ത്യയിലെ വിദേശ അധിനിവേശങ്ങൾക്കെതിരെ പൊരുതിയവരെ കേന്ദ്രബിന്ദുവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. 1178-ൽ മൗണ്ട് അബുവിന് സമീപം വെച്ച് നായികി ദേവി രാജ്ഞി മുഹമ്മദ് ഘോറിയെ തുരത്തിയോടിച്ച സംഭവം ഇതിൽ പരാമർശിക്കുന്നുണ്ട്. 'പ്രതിരോധവും അതിജീവനവും' (Resistance and Resilience) എന്ന പുതിയ അധ്യായത്തിൽ ഡൽഹി സുൽത്താനേറ്റ്, മുഗൾ ഭരണം എന്നിവയെക്കുറിച്ചും അവയ്ക്കെതിരെ വിജയനഗര സാമ്രാജ്യം, രജപുത്രർ, അഹോമുകൾ, മറാഠകൾ, സിഖുകാർ, ജാട്ടുകൾ തുടങ്ങിയ പ്രാദേശിക ശക്തികൾ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും വിശദീകരിക്കുന്നു.
മതപരമായ വിവേചനങ്ങളും സാമൂഹികമായ കഷ്ടപ്പാടുകളും നിറഞ്ഞ നിരന്തര അധിനിവേശങ്ങൾക്കും പടയോട്ടങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡം സാക്ഷ്യം വഹിച്ചുവെന്ന് പുസ്തകത്തിൽ വ്യക്തമാക്കുന്നു. തങ്ങളുടെ മണ്ണിലേക്ക് കടന്നുകയറാൻ നോക്കിയ ബാഹ്യശക്തികളെ തദ്ദേശീയ ഭരണാധികാരികൾ സാംസ്കാരികമായും സൈനികമായും ചെറുത്തുതോൽപ്പിച്ചു. ഭീഷണികളെ പ്രതിരോധിക്കുന്നതിനൊപ്പം സ്വന്തം പാരമ്പര്യത്തെയും അടിസ്ഥാന ആശയങ്ങളെയും മൂല്യങ്ങളെയും കാത്തുസൂക്ഷിച്ചുകൊണ്ട് ഭാരതീയ സംസ്കാരം നിലനിന്ന കാലഘട്ടമാണിതെന്നും പാഠഭാഗം പറയുന്നു. മുഗൾ ഭരണകാലത്ത് സിഖ് ഗുരുക്കന്മാർക്ക് നേരിടേണ്ടിവന്ന പീഡനങ്ങൾ, ഗുരു അർജുൻ ദേവ്, ഗുരു തേജ് ബഹാദൂർ എന്നിവരുടെ വധശിക്ഷകൾ, സിഖ് ചെറുത്തുനിൽപ്പിന്റെ വളർച്ചയിൽ ഗുരു ഗോവിന്ദ് സിംഗ് വഹിച്ച നിർണ്ണായക പങ്ക് എന്നിവയും ചർച്ചയാകുന്നുണ്ട്.
അക്ബറിനെതിരെയുള്ള മഹാറാണാ പ്രതാപിന്റെ ചെറുത്തുനിൽപ്പ്, സരായിഘട്ട് യുദ്ധം, മുഗൾ സാമ്രാജ്യ വികസനത്തിനെതിരെ അഹോം രാജ്യം നടത്തിയ ദീർഘകാല പോരാട്ടം, വിജയനഗര സാമ്രാജ്യത്തിന്റെ ചെറുത്തുനിൽപ്പ്, മറാത്തകളുടെ 'സ്വരാജ്' എന്ന സങ്കല്പം, ജാട്ട് വിഭാഗത്തിന്റെ പ്രതിരോധം എന്നിവയും ഉള്ളടക്കത്തിലുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ തകർക്കപ്പെട്ടതും പിന്നീട് അവ പുനർനിർമ്മിച്ചതും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ക്ഷേത്രാരാധനകൾക്ക് നിയന്ത്രണം വന്ന ഘട്ടത്തിൽ ഭക്തി പ്രസ്ഥാനങ്ങൾ നിർവ്വഹിച്ച ദൗത്യവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഏഴാം നൂറ്റാണ്ട് മുതൽ സംഘർഷ ഘട്ടങ്ങളിൽ സംരക്ഷണം തേടി രാജാക്കന്മാരും രാജകുമാരന്മാരും കാളി, ദുർഗ്ഗ, ഭവാനി തുടങ്ങിയ ദേവതകളെ ആരാധിച്ചിരുന്ന ദീർഘകാല ദേവതാരാധനാ പാരമ്പര്യം രാജ്യത്തുണ്ടെന്ന് പാഠപുസ്തകം പറയുന്നു. ഇതിന്റെ തുടർച്ചയെന്നോണം രാജാക്കന്മാർക്ക് ശക്തിസ്വരൂപിണികളായ ദേവതകളിൽ നിന്നാണ് പോരാടാനുള്ള വാളുകൾ ലഭിച്ചതെന്നും ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബസ്തർ ഭരണാധികാരിയായ അന്നമരാജയ്ക്ക് മാണിക്യദേവിയിൽ (ദന്തേശ്വരി) നിന്നാണ് വാൾ ലഭിച്ചതെന്നും, മധുര സുൽത്താനേറ്റിന്റെ സൈന്യത്തിനെതിരെ പോരാടാൻ വിജയനഗരത്തിലെ കുമാര കമ്പന പ്രയോഗിച്ചത് ദേവത നൽകിയ ദിവ്യവാളാണെന്നും വിശ്വസിക്കപ്പെടുന്നു. ഛത്രപതി ശിവാജിക്ക് തുൽജാ ഭവാനി ദേവിയാണ് വാൾ നൽകിയതെന്ന പരമ്പരാഗത വിശ്വാസവും പാഠപുസ്തകത്തിലെ ഭാഗങ്ങളിൽ പരാമർശിക്കുന്നുണ്ട്.





