ന്യൂഡൽഹി: കാൻസർ ചികിത്സാ മരുന്നുകളുടെ അമിതവിലയിലും സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. കോർപ്പറേറ്റ് സ്വകാര്യ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്ക് പത്തിരട്ടി വരെ വില നിശ്ചയിക്കുന്നത് എങ്ങനെയെന്ന് ആരാഞ്ഞ കോടതി, ഇതിലൂടെ ലഭിക്കുന്ന കൊള്ളലാഭം എങ്ങോട്ടേക്കാണ് പോകുന്നതെന്നും ചോദിച്ചു. കോർപ്പറേറ്റ് ആശുപത്രികൾ ഇപ്പോൾ പൂർണ്ണമായും വാണിജ്യ വ്യവസായങ്ങളായി മാറിയിരിക്കുകയാണെന്നും അവരിൽനിന്ന് സേവനമനോഭാവം പ്രതീക്ഷിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കാൻസർ മരുന്നുകളുടെ കാര്യത്തിൽ കോർപ്പറേറ്റ് ആശുപത്രികൾ നടത്തുന്ന അമിത ചൂഷണത്തെ 'കൂട്ടക്കുരുതി' എന്ന കടുത്ത പദമുപയോഗിച്ചാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിലയിരുത്തിയത്. വെറും 2,700 രൂപയ്ക്ക് ആശുപത്രികൾക്ക് ലഭ്യമാകുന്ന കാൻസർ മരുന്ന് സാധുക്കളായ രോഗികൾക്ക് 27,000 രൂപയ്ക്കാണ് വിൽക്കുന്നത്; ഇതിനെ മറ്റൊരു പേരിലും വിളിക്കാൻ സാധിക്കില്ലെന്നും മൃതദേഹങ്ങൾ വിട്ടുകൊടുക്കാതെ പിടിച്ചുവെച്ചുപോലും ആശുപത്രികൾ പണത്തിനായി വിലപേശുകയാണെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജീവ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആഞ്ഞടിച്ചു.
ഈ ഗുരുതര വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വ്യക്തമാക്കിയ ബെഞ്ച്, മരുന്നുകളുടെ പരമാവധി ലാഭവിഹിതം 16 ശതമാനമായി പരിമിതപ്പെടുത്തിക്കൂടേയെന്നും ആരാഞ്ഞു. കോർപ്പറേറ്റ് ആശുപത്രികൾ വ്യവസായ സ്ഥാപനങ്ങളായി ചുരുങ്ങിയെന്നും അവയൊന്നും സേവനമേഖലയല്ലെന്നും കോടതി ആവർത്തിച്ചു. രോഗികൾ ആശുപത്രിയുടെ സ്വന്തം ഫാർമസികളിൽ നിന്ന് മാത്രമേ മരുന്നുകൾ വാങ്ങാവൂ എന്ന തരത്തിൽ വൻകിട സ്വകാര്യ ആശുപത്രികൾ നിർബന്ധം പിടിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
മരുന്നുകളുടെ അനിയന്ത്രിതമായ വിലക്കയറ്റവും രോഗികൾ അനുഭവിക്കുന്ന ചൂഷണങ്ങളും ചൂണ്ടിക്കാണിച്ച് കിഷൻ ചന്ദ് ജെയിൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് പരമോന്നത കോടതിയുടെ ഈ രൂക്ഷവിമർശനം. വിഷയത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി ഒക്ടോബർ 12-ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.





