ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ള സംബന്ധിച്ച് താൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പാർട്ടിക്കുള്ളിൽ നിന്നും അർഹമായ പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ഒരുവിഭാഗം മുതിർന്ന നേതാക്കൾ വിഷയത്തിൽ ഒപ്പം നിന്നില്ലെന്നാണ് രാഹുലിന്റെ ആക്ഷേപം. വോട്ട് തിരിമറിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നതിന് പകരം വെറും വിശകലനങ്ങൾ മാത്രമാണ് സംഘടനയ്ക്കുള്ളിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ അന്ന് ചൂണ്ടിക്കാണിച്ച വസ്തുതകൾ ഉൾക്കൊള്ളാൻ നേതാക്കൾക്ക് രണ്ടു വർഷത്തോളം വേണ്ടിവന്നു എന്ന് അദ്ദേഹം തുറന്നടിച്ചു. ഇത്തരത്തിലുള്ള പ്രവർത്തന ശൈലിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.
തങ്ങൾക്ക് ഭരണം നഷ്ടപ്പെടുമെന്ന ഭയം ബിജെപിക്കുണ്ടെന്നും, ആ യാഥാർത്ഥ്യം കോൺഗ്രസ് നേതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഔദ്യോഗികമായി ഉയർത്തുന്ന നിലപാടുകളിൽ ആദ്യം നേതാക്കൾക്ക് പൂർണ്ണ വിശ്വാസമുണ്ടാകണം. ഇതിന്റെ തുടർച്ചയായി നേതാക്കളുടെ പ്രവർത്തനങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്താനാണ് കോൺഗ്രസിന്റെ തീരുമാനം. നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കും. അവർ പങ്കുവെക്കുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും നിരീക്ഷിക്കുന്നതിനൊപ്പം രാഹുൽ ഗാന്ധിയുടെ നിലപാടുകളും കുറിപ്പുകളും ഏതൊക്കെ നേതാക്കൾ റീപോസ്റ്റ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കും.
ഇന്നലെ ചേർന്ന പാർട്ടി യോഗം അതീവ പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കിയ എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖർഗെ, ബ്രിട്ടീഷ് ഭരണകാലത്തെപ്പോലെ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ചരിത്രപരമായ ദൗത്യം കോൺഗ്രസ് വീണ്ടും ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമരത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്ന് നേടിയെടുത്ത വോട്ടവകാശം കാത്തുസൂക്ഷിക്കാൻ നാം വീണ്ടും പോരാട്ടത്തിനിറങ്ങേണ്ട അവസ്ഥയാണെന്ന് ഖർഗെ കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിലെ വ്യാപകമായ വെട്ടിനിരത്തലുകൾക്ക് പിന്നിൽ ആസൂത്രിതമായ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ ഉറച്ച ആരോപണം. വരും ദിവസങ്ങളിലെ തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാനാണ് പ്രവർത്തക സമിതി ഒത്തുചേർന്നത്. ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുന്നതും, ഇംപീച്ച്മെന്റ് നോട്ടീസുമായി ബന്ധപ്പെട്ട തുടർ നീക്കങ്ങളും യോഗത്തിന്റെ പ്രധാന ചർച്ചാവിഷയമായി.





